

കുവൈത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഗുരുതരമായ നിയമം ലംഘനം നടത്തിയ 45 ഡ്രൈവര്‍മാരെ ജയിലില്‍ അടച്ചതായി മന്ത്രാലം അറിയിച്ചു. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. കുവൈത്തില്‍ ഗതാഗത നിയമ ലംഘനം നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സഹചര്യത്തിലാണ് നടപടി കൂടുതല്‍ കടുപ്പിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയില്‍ വ്യാപക നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ ഗുരുതരമായ കുറ്റം ചെയ്ത് 45 പേരെ ട്രാഫിക് ജയിലില്‍ അടച്ചു. കനത്ത പിഴയും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ചതിന്റെ പേരിലാണ് നടപടി. ലൈസന്‍സില്ലാതെ വാഹനമോടിച്ച 19 കുട്ടികളും പിടിയിലായി. കൗമാരക്കാരായ ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് തടയാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. പരിശോധനക്കിടെ നിയമലംഘനം കണ്ടെത്തിയ 68 കാറുകളും 13 ബൈക്കുകളും പിടിച്ചെടുത്തതായും മന്ത്രാലം അറിയിച്ചു. താമസരേഖകള്‍ ഇല്ലാത്തവരും വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ ഏതാനും പേരും പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അല്ലാത്തവര്‍ തടവ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: The Kuwait Interior Ministry has implemented stricter measures and penalties to curb traffic law violations. The new steps aim to ensure better road safety and discipline, with authorities warning of tougher actions against offenders.