വധശിക്ഷ ഉൾപ്പെടെ ലഭിച്ചേക്കും; പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമവുമായി കുവൈത്ത്

പുതിയ നിയമം നിലവില്‍ വന്നതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പരിശോധനയും ശക്തമാക്കി

വധശിക്ഷ ഉൾപ്പെടെ ലഭിച്ചേക്കും; പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമവുമായി കുവൈത്ത്
dot image

കുവൈത്തില്‍ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തില്‍. മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. വിവിധ കുറ്റകൃത്യങ്ങള്‍ക്കുളള പിഴയും വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. കുവൈത്തില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. മയക്കുമരുന്ന് കടത്തിനും കച്ചവടത്തിനും നേരത്ത ഉണ്ടായിരുന്ന നിയമത്തില്‍ ജീവപര്യന്തം തടവ് മാത്രമായിരുന്നു ശിക്ഷ. എന്നാല്‍ ഇത്തരക്കാര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമം.

മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശക്തി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വലിയ തോതില്‍ പിഴത്തുക ഉയര്‍ത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് 50,000 ദിനാര്‍ മുതല്‍ 10 ലക്ഷം ദിനാര്‍ വരെ പിഴ ചുമത്തും. പുതിയ നിയമം നിലവില്‍ വന്നതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പരിശോധനയും ശക്തമാക്കി.

സൈക്കോട്രോപിക് ഗുളികകളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ചേരുവ അടങ്ങിയ വിവിധ മരുന്നുകളുടെ കുറിപ്പടി നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്കും കനത്ത നിയന്ത്രണമുണ്ട്. ഇത്തരം മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ നല്‍കുന്ന ഫാര്‍മസികളിലെ ജീവനക്കാരെയും മയക്കുമരുന്ന് കുറ്റകൃത്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തും.

പുതിയ നിയമ പ്രകാരം മയക്കുമരുന്ന് ചേരുവകള്‍ അടങ്ങിയ ഔഷധങ്ങള്‍ നാട്ടില്‍ നിന്ന് കൊണ്ടു വരുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്.

എല്ലാത്തരം മരുന്നുകള്‍ക്കും ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണ്. മയക്കുമരുന്നിനു അടിമകളായവരെ പുനരധിവസിപ്പിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നിരവധി നടപടികളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികള്‍ക്കും ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു.

Content Highlights: Kuwait’s new drug law now active

dot image
To advertise here,contact us
dot image