
കുവൈറ്റില്‍ ഹൈവേകളിലെ സുരക്ഷാ പരിശോധന കൂടുതല്‍ ശക്തമാക്കി ജനറല്‍ ട്രാഫിക് വകുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ നിയമ ലംഘകരായ നിരവധി പ്രവാസികള്‍ അറസ്റ്റിലായി. കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങള്‍ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഹൈവേകളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.
സെവന്‍ത് റിംഗ് റോഡിലും മറ്റ് പ്രധാന ഹൈവേകളിലും നടന്ന പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ 3,239 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ നിയമലംഘനം നടത്തിയ രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. ഇതിന് പുറമെ പിടികിട്ടാപുള്ളികളായ 56 പേരെയും അറസ്റ്റ് ചെയ്തു.
ലൈസന്‍സില്ലാതെ വാഹനം ഓടിച്ച നിരവധി പേരെയും അറസ്റ്റ് ചെയ്തു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉള്‍പ്പെടുന്നു. താമസ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 115 പേരും പരിശോധനയില്‍ പിടിയിലായി. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത 36 പേരെയും അറസ്റ്റ് ചെയ്തതായി ട്രാഫിക് വകുപ്പ് അറിയിച്ചു.
റോഡുകളിലെ സുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ പരിശോധനകളെന്ന് അധികൃതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് തീരുമാനം.
Content Highlights: General Traffic Department strengthens safety inspections on highways in Kuwait