'ഒപ്പിട്ട സത്യപ്രസ്താവനയ്‌ക്കൊപ്പം പേരുകൾ സഹിതം തെളിവ് നൽകണം'; രാഹുൽ ഗാന്ധിയോട് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയാണ് താന്‍ പുറത്തുവിട്ടതെന്നും തങ്ങളുടെ ഡാറ്റയല്ലെന്നും രാഹുല്‍ ഗാന്ധി

dot image

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കത്തയച്ച് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍. പേരുകള്‍ സഹിതം തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവരുടെയും അനര്‍ഹമായി ഉള്‍പ്പെട്ടവരുടെയും പേരുകള്‍ ഒപ്പിട്ട സത്യപ്രസ്താവനയ്‌ക്കൊപ്പം പങ്കുവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യപ്രസ്താവനയും അയച്ചിട്ടുണ്ട്.

എന്നാല്‍ താനൊരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളോട് പറയുന്നതെന്താണോ അതാണ് തന്റെ വാക്കെന്നും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതികരിച്ചു. 'പറയാനുള്ളത് എല്ലാവരോടും പരസ്യമായി ഞാന്‍ പറഞ്ഞു. ഇതിനെ സത്യപ്രസ്താവനയായി എടുക്കാം', രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയാണ് താന്‍ പുറത്തുവിട്ടതെന്നും തങ്ങളുടെ ഡാറ്റയല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഈ വിവരങ്ങളൊന്നും അവര്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 'രാഹുല്‍ ഗാന്ധി പറയുന്ന വോട്ടര്‍ ലിസ്റ്റ് തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അത് തെറ്റാണെന്ന് പറയാത്തത്. കാരണം നിങ്ങള്‍ക്ക് അത് ശരിയാണെന്ന് അറിയാം. രാജ്യത്തുടനീളം നിങ്ങള്‍ ഇത് ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം', രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി ഇന്ന് വാര്‍ത്താസമ്മേളനം. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം.

Rahul Gandhi
രാഹുൽ ഗാന്ധി

'മഹാരാഷ്ട്ര 5 വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേര്‍ന്നു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തിയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അവ നശിപ്പിച്ചത്. ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ഒരുകോടി പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടു. ആറുമാസം കൃത്യമായ പരിശോധന നടത്തി. ഇലക്ട്രോണിക് ഡേറ്റ ലഭിച്ചാല്‍ 30 സെക്കന്‍ഡ് കൊണ്ട് തീരേണ്ട ജോലി ആറുമാസമെടുത്തു. ഇലക്ട്രോണിക് ഡേറ്റ കമ്മീഷന്‍ നല്‍കിയില്ല. നല്‍കിയ ഡേറ്റ ഇലക്ട്രോണിക് റീഡിന് കഴിയാത്തവയായിരുന്നു', രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചത് 16 സീറ്റുകളാണെന്നും കിട്ടിയത് 9 സീറ്റുകളാണെന്നും രാഹുല്‍ പറഞ്ഞു. നഷ്ടമായ ഒരു ലോക്സഭാ സീറ്റിലെ ഒരു നിയമസഭാ സീറ്റിനെക്കുറിച്ച് പഠിച്ചു. മഹാദേവ് പുര നിയമസഭാ മണ്ഡലം. അവിടെ ലോക്സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 32,707 ആയിരുന്നു. ഈ മണ്ഡലത്തില്‍ 1,14,046 വോട്ട് ബിജെപിക്ക് ഭൂരിപക്ഷമുണ്ട്. ഒറ്റ നിയമസഭാ മണ്ഡലത്തിന്റെ ബലത്തിലാണ് ആ ലോക്സഭാ സീറ്റ് ബിജെപി പിടിച്ചത്. 1,00250 വോട്ട് അവര്‍ മോഷ്ടിച്ചു. ഒരു വോട്ടറുടെ പേര് നാല് ബൂത്തുകളില്‍ ഉണ്ട്. ഇങ്ങനെ നിരവധി വോട്ടര്‍മാരാണുളളത്. ഒരാള്‍ പല സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയിലുണ്ട്. വ്യാജ വിലാസങ്ങള്‍ 40,000 മുകളിലാണ്. പലരുടെയും അച്ഛന്റെ പേര് അക്ഷരങ്ങള്‍ മാത്രം. പല വീട്ടുനമ്പറുകളും പൂജ്യം. ഒരേ വിലാസത്തില്‍ എണ്‍പത് വോട്ടര്‍മാര്‍. തിരിച്ചറിയല്‍ ഫോട്ടോകളില്ലാത്ത 4132 വോട്ടര്‍മാര്‍. 33,692 വോട്ടര്‍മാര്‍ ഫോം 6 ദുരുപയോഗം ചെയ്തു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ നല്‍കുന്ന ഫോം ആണിത്. 70 വയസുളള സ്ത്രീ വരെ ഈ ഫോം നല്‍കി. ഈ സ്ത്രീ രണ്ടിടങ്ങളില്‍ വോട്ടുചെയ്തു. ഒരുലക്ഷത്തിലധികം വോട്ടുകള്‍ ഇത്തരത്തില്‍ പല മാര്‍ഗങ്ങളിലൂടെ മോഷ്ടിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

Content Highlights: Karnataka election commission asked Rahul Gandhi about evidence in his allegation

dot image
To advertise here,contact us
dot image