

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവി ഒഴിച്ചിടുമെന്ന സിപിഐഎം സമവായ ഫോര്‍മുലയെക്കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാധ്യമ വാര്‍ത്തകളില്‍ മറുപടി പറയാനില്ല. ഫോര്‍മുല സംബന്ധിച്ച് പാര്‍ട്ടിയോട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഇക്കാര്യങ്ങള്‍ യോഗങ്ങളിലാണ് തീരുമാനിക്കേണ്ടത്. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ ഉറച്ച് മുന്നോട്ട് പോകും. പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഉപനേതൃപദവി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ പദവി തല്‍ക്കാലം ഒഴിവാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഐഎം പദവി ഏറ്റെടുത്തേക്കില്ല. ഈ സാഹചര്യത്തിലാണ് ഉപനേതാവ് പദവി തന്നെ തല്‍ക്കാലം വേണ്ടെന്ന് വെയ്ക്കാന്‍ സിപിഐഎം ആലോചിക്കുന്നത്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യും.
എന്നാല്‍ ഉപനേതൃപദവി കിട്ടിയേ തീരു എന്ന നിലപാടിലാണ് സിപിഐ. ഏറ്റവും ഒടുവില്‍ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ബിനോയ് വിശ്വം ഈ നിലപാട് തന്നെയാണ് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച് വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെ പ്രധാനപ്പെട്ട സിപിഐ നേതാക്കളെല്ലാം പ്രതികരിച്ചത്.
Content Highlights: CPI State Secretary Binoy Viswam said he was unaware of any consensus formula to leave the Opposition Deputy Leader post vacant