

കോഴിക്കോട്: സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരെ പിന്തുണച്ച് ഇ കെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. കാന്തപുരം മതവിധി പറഞ്ഞതിനെ തലകീഴായി മറിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പലരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും സ്ത്രീകളുടെ നവോത്ഥാനത്തിനും സംരക്ഷണത്തിനും പുരോഗമന കാലഘട്ടത്തോട് യോജിക്കുന്ന ധാര്‍മ്മിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് കാന്തപുരം ഉള്‍പ്പെടെ മതപണ്ഡിതന്മാരെന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ അടുക്കളകളില്‍ തളച്ചിടമെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. അവര്‍ രംഗപ്രവേശം ചെയ്യുന്നിടങ്ങളില്‍ പ്രദര്‍ശന വസ്തുവാകരുതെന്നും അവരുടെ സുരക്ഷിതത്വം സമൂഹം ഉറപ്പുവരുത്തണമെന്നും പറയുന്നത് പുരോഗമന വിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് കുറിപ്പ്
കാന്തപുരം മതവിധി പറഞ്ഞതിനെ തലകീഴായി മറിക്കരുത്
സ്ത്രീകള്‍ പുരുഷന് മുമ്പില്‍ പ്രദര്‍ശന വസ്തുവാകരുതെന്നും മത ചിട്ട പാലിച്ചു ജീവിക്കണമെന്നും തന്നെ അംഗീകരിക്കുന്ന സ്ത്രീ സമൂഹത്തോട് ബഹു. കാന്തപുരം നിര്‍ദേശിച്ചത് തലകീഴായാണ് ചിലര്‍ വ്യാഖ്യാനിക്കുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ പലരും തെറ്റിദ്ധരിപ്പിക്കുകയാണ്.
സ്ത്രീകളുടെ നവോത്ഥാനത്തിനും സംരക്ഷണത്തിനും പുരോഗമന കാലഘട്ടത്തോട് യോജിക്കുന്ന ധാര്‍മ്മിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് കാന്തപുരം ഉള്‍പ്പെടെ മതപണ്ഡിതന്മാര്‍. ആഭാസകരമായ രംഗപ്രവേശത്തേയും പ്രദര്‍ശനത്തേയുമാണ് കാന്തപുരം എതിര്‍ത്തത്. പണ്ഡിതന്മാര്‍ വളര്‍ത്തിയെടുത്ത നിരവധി സഹോദരിമാര്‍ ഡോക്ടേഴ്സ്, ലോയേഴ്‌സ്, എഞ്ചിനിയേഴ്സ്, ടീച്ചേഴ്സ്……. തുടങ്ങിയ നിരവധി മേഖലകളിലുണ്ട്. ഈ അടുത്താണ് എന്റെ സുഹൃത്തായ ഫൈസിയുടെ മകള്‍ പൈലറ്റായി രംഗത്ത് വന്നത്. ആയിരക്കണക്കിന് സഹോദരിമാര്‍ സാമൂഹ്യ സേവന രംഗത്തുമുണ്ട്.
സ്ത്രീകള്‍ അടുക്കളകളില്‍ തളച്ചിടമെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. അവര്‍ രംഗപ്രവേശം ചെയ്യുന്നിടങ്ങളില്‍ പ്രദര്‍ശന വസ്തുവാകരുതെന്നും അവരുടെ സുരക്ഷിതത്വം സമൂഹം ഉറപ്പുവരുത്തണമെന്നും പറയുന്നത് പുരോഗമന വിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ല.
ഖദീജ ( റ ) വ്യാപാരിയായതും ആയിഷ ( റ ) യുദ്ധത്തില്‍ സംബന്ധിച്ചതും മത ചിട്ട പൂര്‍ണ്ണമായും പാലിച്ചു കൊണ്ടായിരുന്നു.
ലിബറല്‍ പാര്‍ട്ടി ക്ലാസുകളില്‍ പറയുന്ന സ്വന്തം അണികള്‍ക്ക് കൊടുക്കുന്ന നിര്‍ദ്ദേശം പൊതു സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. മതചിട്ട പൂര്‍ണ്ണമായും പാലിക്കുന്ന ലക്ഷക്കണക്കിന് സഹോദരിമാര്‍ ഇവിടെയുണ്ട്. അവര്‍ അത് പാലിക്കരുതെന്ന് പറയുന്നത് അവകാശ നിഷേധമാണ്.
കംപ്യൂട്ടറിനും കതിര്‍ കൊയ്യുന്ന യന്ത്രത്തിനും നിലം ഉഴുതുന്ന ട്രാക്ടറിനും എതിര് നിന്നവരും ഗവണ്‍മെന്റ് ജോലി നിഷിദ്ധമാക്കി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തെ പിറകോട്ട് വലിച്ചവരുമാണ് മുസ്ലിം പണ്ഡിതന്മാരെ അധിക്ഷേപിക്കുന്ന പുരോഗമന നാട്യക്കാര്‍ എന്നതാണ് വിചിത്രം.
Content Highlights: Nasar Faizi Koodathayi has extended support to Kanthapuram AP Aboobacker Musliyar over his controversial remarks about women