

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് പുതിയ നിയന്ത്രണം. വിമാനത്തിൽ കയറുന്നതിന് മുൻപായി യാത്രക്കാർ ഓൺലൈൻ ആരോഗ്യ പ്രഖ്യാപന ഫോം നിർബന്ധമായും പൂരിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. ഇതിനായി 'എയർ സുവിധ 2.0' പോർട്ടൽ രാജ്യം വീണ്ടും സജ്ജമാക്കിയിട്ടുണ്ട്.
രാജ്യാന്തര തലത്തിൽ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പ്രതിരോധ നടപടികൾ ശക്തമാക്കിയത്.
ഇന്ത്യയിൽ എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും തങ്ങളുടെ വിമാന യാത്രയ്ക്ക് മുൻപായി എയർ സുവിധ പോർട്ടൽ വഴി ഡിജിറ്റൽ ഹെൽത്ത് ഫോം സമർപ്പിക്കണമെന്ന് മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷം നിർത്തലാക്കിയ പോർട്ടലാണ് ഇപ്പോൾ കൂടുതൽ മാറ്റങ്ങളോടെ 'എയർ സുവിധ 2.0' എന്ന പേരിൽ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയെ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് നേരിട്ടുള്ള പ്രതികരണമായാണ് ഇന്ത്യയുടെ ഈ അടിയന്തര നീക്കം. വിമാനത്താവളങ്ങളിലെ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ഹെൽത്ത് ഡിക്ലറേഷൻ നിർബന്ധമാക്കിയത്.
പുതിയ നിയമപ്രകാരം യാത്രക്കാർ തങ്ങളുടെ ആരോഗ്യസ്ഥിതിയും മുൻപുള്ള യാത്രാ വിവരങ്ങളും കൃത്യമായി പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളി യാത്രക്കാരെ ഈ തീരുമാനം നേരിട്ട് ബാധിക്കും. വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ഉണ്ടാകുന്ന താമസം ഒഴിവാക്കാൻ യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ ഫോം പൂരിപ്പിച്ചു എന്ന് ഉറപ്പുവരുത്തണമെന്ന് എയർലൈൻ അധികൃതരും വ്യക്തമാക്കുന്നു.
Content Highlights: The Indian government has strengthened Ebola surveillance and precautionary measures at airports and other entry points. Travelers arriving from countries affected by the Ebola outbreak may face additional screening, monitoring, and travel-related restrictions as authorities work to prevent the virus from entering the country.