

തിരുവനന്തപുരം: എഫ്‌സിആര്‍എ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതാണെന്നും ചട്ടം അടിയന്തരമായി പിൻവലിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എഫ്‌സിആര്‍എ ചട്ടം ഭേദഗതി ചെയ്തത് പ്രതിഷേധാര്‍ഹമാണ്. ചട്ട ഭേദഗതി കാരണം രാജ്യത്ത് സന്നദ്ധസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എഫ്‌സിആര്‍എ ചട്ട ഭേദഗതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
'ഉത്തരേന്ത്യയിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകളെ ഇല്ലാതാക്കുന്നതാണ് ചട്ട ഭേദഗതി. സംഘപരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവര്‍ത്തനം നിരോധിക്കാനാകും. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ചട്ടഭേദഗതിയില്‍ നിന്നും അടിയന്തരമായി പിന്‍മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും അഭിപ്രായം വ്യക്തമാക്കണം', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വിദേശ സംഭാവന സ്വീകരിക്കാനും ചെലവഴിക്കാനും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍ എഫ്‌സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. എഫ്സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്ക അറിയിച്ച് ക്രൈസ്തവ സഭകളും രംഗത്തെത്തിയിരുന്നു. ചട്ട ഭേദഗതി നിയവിരുദ്ധമെന്നാണ് സഭകളുടെ വിമര്‍ശനം.
എഫ്സിആര്‍എ നിയമഭേദഗതി ബില്ല് വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായാണ് പുതിയ ചട്ട ഭേദഗതി. ദേവാലയങ്ങള്‍ നവീകരിക്കുക, വേദഗ്രന്ഥങ്ങൾ അച്ചടിക്കുക തുടങ്ങി 105 തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ വിദേശ ഫണ്ട് ഉപയോഗിക്കാനാകൂ. ഏത് തരം പ്രവര്‍ത്തനത്തിനാണ് പണം ചെലവഴിക്കുന്നത് എന്നത് രജിസ്ട്രേഷന്‍ സമയത്ത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. മത പരിവര്‍ത്തനത്തിന് പണം ചെലവഴിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. രണ്ട് വര്‍ഷത്തിനിടയില്‍ 10 ലക്ഷം രൂപയെങ്കിലും ചെലവഴിക്കുന്ന സ്ഥാപനങ്ങള്‍ക്കേ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ.
Content Highlights: Satheesan has demanded the withdrawal of the FCRA amendment, alleging that the regulation unfairly targets minority communities and organizations