

യുഎഇയുടെയും സൗദി അറേബ്യയുടെയും സുരക്ഷാ ഏജൻസികൾ സംയുക്തമായി നടത്തിയ വൻ പരിശോധനയിൽ അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തി. രണ്ട് ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്ത ഈ സംയുക്ത ഓപ്പറേഷനിൽ രാജ്യാന്തര കള്ളക്കടത്ത് ശൃംഖലയിലെ പ്രതികളെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
ദുബായ് പൊലീസുമായി സഹകരിച്ച് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ രണ്ട് ലക്ഷത്തി അറുപത്തിയേഴായിരത്തിലധികം ആംഫെറ്റാമൈൻ ഗുളികകളാണ് പിടിച്ചെടുത്തത്. ഇരുരാജ്യങ്ങളിലെയും സുരക്ഷാ വിഭാഗങ്ങൾ തമ്മിൽ കൈമാറിയ കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളാണ് ഈ വൻ ലഹരി വേട്ടയ്ക്ക് വഴിയൊരുക്കിയത്.
പ്രാദേശിക വിപണിയിൽ വിതരണം ചെയ്യുന്നതിന് തൊട്ടുമുൻപായി മയക്കുമരുന്ന് ശേഖരം വിജയകരമായി തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. കള്ളക്കടത്ത് ശ്രമത്തിൽ ഉൾപ്പെട്ട ക്രിമിനൽ ശൃംഖലയിലെ എല്ലാ അംഗങ്ങളെയും സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ട പ്രതികളെല്ലാം അറബ് രാജ്യത്തെ പൗരന്മാരാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
കൃത്യമായ സംയുക്ത നിരീക്ഷണത്തിലൂടെ ഇത്തരം ക്രിമിനൽ പദ്ധതികൾ മുൻകൂട്ടി തടയാൻ കഴിഞ്ഞത് ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഏകോപനത്തിന്റെ കരുത്തിന് തെളിവാണ്. മയക്കുമരുന്ന് മാഫിയകൾക്കെതിരെ സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ഈ നീക്കത്തിലൂടെ സാധിച്ചുവെന്നാണ് വിലയിരുത്തൽ. യുവാക്കളെ ലക്ഷ്യമിടുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹോദര രാജ്യങ്ങളുമായി തുടർച്ചയായ ഏകോപനം നിലനിർത്തുമെന്നും യുഎഇയുമായുള്ള ശക്തമായ സഹകരണത്തിന്റെ ഭാഗമായാണ് ഈ വിജയകരമായ ഓപ്പറേഷൻ നടന്നതെന്നും സൗദി അധികൃതർ വ്യക്തമാക്കി.
Content Highlights: Saudi Arabia and the UAE have intensified joint efforts to combat cross-border drug trafficking, leading to the arrest of several suspects. Authorities stated that the operation is part of ongoing measures to strengthen border security and curb illegal narcotics trade in the region.