പ്രവാസികളെ പ്രതിസന്ധിയിലാക്കി വീണ്ടും വിമാന ടിക്കറ്റ് വര്‍ധന; ​ഗൾഫിലേക്ക് പോകാൻ കനത്ത നിരക്ക്

അടിയന്തര ആവശ്യങ്ങള്‍ക്കുമായി നാട്ടിലെത്തിയ ആയിരക്കണക്കിന് പ്രവാസികളുടെ മടക്കയാത്രയാണ് പ്രതിസന്ധിയിലായിരിക്കുന്നത്

പ്രവാസികളെ പ്രതിസന്ധിയിലാക്കി വീണ്ടും വിമാന ടിക്കറ്റ് വര്‍ധന; ​ഗൾഫിലേക്ക് പോകാൻ കനത്ത നിരക്ക്
dot image

പ്രവാസികളെ പ്രതിസന്ധിയിലാക്കി വീണ്ടും വിമാന ടിക്കറ്റ് വര്‍ധന. കേരളത്തില്‍ നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള യാത്രക്കാണ് ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്നത്. യുഎഇ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് താരതമ്യേനെ കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കുമ്പോഴാണ് മടക്കയാത്രക്ക് അമിത നിരക്ക് ഈടാക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്ക് കുറഞ്ഞ നിരക്കില്‍ വിവിധ വിമാന കമ്പനികള്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ നാട്ടില്‍ നിന്ന് തിരിച്ചെത്തണമെങ്കില്‍ അതിന്റെ അഞ്ചിരട്ടി തുക നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അമിത നിരക്ക് മൂലം അവധിക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമായി നാട്ടിലെത്തിയ ആയിരക്കണക്കിന് പ്രവാസികളുടെ മടക്കയാത്രയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

വിവിധ ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 5,000 രൂപ മുതല്‍ 7,000 രൂപ വരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ തിരിച്ചുള്ള യാത്രക്ക് നല്‍കേണ്ടി വരുന്നത്. 25,000 രൂപ മുതല്‍ 35,000 രൂപ വരെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണയായി വലിയ അവധിക്കാലങ്ങളോ ആഘോഷങ്ങളോ ഇല്ലാത്ത സമയങ്ങളില്‍ നിരക്ക് കുറയേണ്ടതാണ്. എന്നാല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് എപ്പോഴും യാത്രക്കാര്‍ ഉണ്ടെന്ന സാഹചര്യം മുതലെടുത്താണ് വിമാനകമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നതെന്ന് പ്രവാസികള്‍ ചൂണ്ടികാട്ടുന്നു.

കുറഞ്ഞ ശമ്പളത്തിന് വിദേശത്ത് ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളാണ് ഉയര്‍ന്ന ടിക്കറ്റ് മൂലം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. രണ്ട് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ടിക്കറ്റിനായി മാത്രം ചെലവാക്കേണ്ടി വരുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നും യാത്രക്കാര്‍ ചൂണ്ടികാട്ടുന്നു. കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്തിയില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പലരും. തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ തയ്യാറാകാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

Content Highlights: Flight ticket prices to Gulf countries have surged, causing distress among expatriates. The increase in airfare is attributed to higher operational costs and increased demand.

dot image
To advertise here,contact us
dot image