

കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ലൈസന്‍സ് ലഭിക്കുന്നതിനായി രാജ്യത്തേക്ക് പുതിയതായി എത്തുന്ന പ്രവാസികള്‍ ഇനിമുതല്‍ 40 മണിക്കൂര്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കണം. നിലവില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് 20 മണിക്കൂറാണ് പരിശീലന സമയം. ഇതിനായി ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലക കേന്ദ്രങ്ങള്‍ ഉടന്‍ സ്ഥാപിക്കും.
ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പരിശീലന പരിപടിക്ക് ട്രാഫിക് വിഭാഗം തുടക്കം കുറിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യാനോ ഓടിക്കാനോ പഠിച്ചതുകൊണ്ട് മാത്രം ഇനി ആര്‍ക്കും ലൈസന്‍സ് കിട്ടില്ല എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. അതിനായി കര്‍ശനമായ പരിശീലന പരിപാടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിലവില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് 20 മണിക്കൂറും പുതിയതായി വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 40 മണിക്കൂറുമാണ് പരിശീലന സമയം നിശ്ചയിച്ചിരിക്കുന്നത്.
ലൈസന്‍സ് നല്‍കുന്നതിന് മുമ്പുള്ള പരിശീലനത്തിനായി നാല് പ്രത്യേക അക്കാദമികള്‍ ഉടന്‍ സ്ഥാപിക്കും. സബാഹ് അല്‍-സേലം, സൗത്ത് ഖൈത്താന്‍, കുവൈത്ത് സിറ്റി, ജഹ്റ എന്നിവിടങ്ങളിലായിരിക്കാം സെന്ററുകള്‍ സ്ഥാപിക്കുക. കുവൈത്തിലെ സ്ട്രീറ്റുകള്‍, ഗതാഗത സംവിധാനങ്ങള്‍, ഗതാഗത നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഡ്രൈവര്‍മാരുടെ മാതൃഭാഷയില്‍ തന്നെ ക്ലാസുകള്‍ നല്‍കുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ തുടരുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് വ്യക്തമാക്കി. വിദേശത്തുനിന്ന് ഡ്രൈവര്‍മാരെ എത്തിക്കുന്ന കമ്പനികള്‍ അവരുടെ സ്വന്തം രാജ്യങ്ങളില്‍ വെച്ച് തന്നെ കുവൈറ്റിലെ ട്രാഫിക് നിയമങ്ങളില്‍ പരിശീലനം നല്‍കണമെന്നും ഗതാഗത വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
2035-ഓടെ റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുളള പരിശോധന കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.
Content Highlights: Kuwait authorities are tightening rules for issuing driving licenses, aiming to ensure competent drivers on the roads. Licenses will only be issued to individuals who demonstrate proper driving skills through tests and evaluations.