
സിബിഎസ്ഇ പൊതുപരീക്ഷ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവാസി വിദ്യാര്‍ത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം. യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് സിബിഎസ്ഇ 10-ാം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന് അപാര്‍ ഐഡി ആവശ്യമില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.
പത്ത്, 12 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് അപാര്‍ ഐഡി നല്‍കണമെന്ന സിബിഎസ്ഇ നിര്‍ദ്ദേശമാണ് പ്രവാസ ലോകത്തെ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയത്. അപാര്‍ ഐഡിക്ക് ആധാര്‍ നമ്പര്‍ ആവശ്യമാണ്. എന്നാല്‍ യുഎഇയിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപാര്‍ ഐഡി ആവശ്യമല്ലെന്ന് പുതിയ സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് സിബിഎസ്ഇ.
വിദേശരാജ്യങ്ങളിലെ വ്യത്യസ്ഥങ്ങളായ നിയമങ്ങളും ഭരണപരമായ കാരണങ്ങളാലും അപാര്‍ ഐഡി നിബന്ധനയില്‍ നിന്ന് രാജ്യത്തിന് പുറത്തുള്ള സ്‌കൂളുകളെ ഒഴിവാക്കുകയാണെന്ന് സിബിഎസ്ഇ അറിയിച്ചു. വിദേശ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായി വിവിധ സ്‌കൂള്‍ അധികൃതരും സ്ഥിരീകരിച്ചു.
2026-ല്‍ ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കാണ് അപാര്‍ ഐഡി നിര്‍ബന്ധമാക്കിക്കൊണ്ട് സിബിഎസ്‌നേരത്തെ ഉത്തരവ് ഇറക്കിയത്. നാളെ മുതലാണ് സിബിഎസ്ഇ പ്ലസ് ടു ബോര്‍ഡ് പരീക്ഷയുടെ എല്‍ഒസി രജിസ്ട്രേഷന്‍ ആരംഭിക്കുക. സെപ്റ്റംബര്‍ 30 വരെയാണ് രജിസ്‌ട്രേഷന് സമയം അനുവദിച്ചിരിക്കുന്നത്.
Content Highlights: Solution to the concerns of expatriate students regarding CBSE public exam registration