നാട്ടിലേക്ക് കൊണ്ടുപോകാൻ ഏൽപ്പിച്ച സ്വർണവുമായി കടന്നു; രണ്ടു പ്രവാസി വനിതകൾ ബഹ്‌റൈനിൽ അറസ്റ്റിൽ

അന്വേഷണത്തിൽ കാണാതായ സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും പൊലീസ് വീണ്ടെടുക്കുകയും യഥാർത്ഥ ഉടമസ്ഥന് കൈമാറുകയും ചെയ്തു

നാട്ടിലേക്ക് കൊണ്ടുപോകാൻ ഏൽപ്പിച്ച സ്വർണവുമായി കടന്നു; രണ്ടു പ്രവാസി വനിതകൾ ബഹ്‌റൈനിൽ അറസ്റ്റിൽ
dot image

നാട്ടിലേക്ക് കൊണ്ടുപോകാനായി ഏൽപ്പിച്ച 8,000 ബഹ്‌റൈനി ദിനാറോളം (ഏകദേശം 17 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ രണ്ട് ഏഷ്യൻ വനിതകളെ ബഹ്‌റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. അവധിക്കായി നാട്ടിലേക്ക് പോകാനിരുന്ന സ്ത്രീയുടെ കൈവശമാണ് സ്വർണാഭരണങ്ങൾ ഉടമസ്ഥൻ വിശ്വസിച്ച് ഏൽപ്പിച്ചിരുന്നത്.

എന്നാൽ യാത്രയ്ക്കായി ടിക്കറ്റെടുത്ത് തയ്യാറായിരുന്ന പ്രതിയെ പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ഉടമസ്ഥൻ നെയിം (Naeem) പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി നാട്ടിലേക്ക് പോയിട്ടില്ലെന്നും ബഹ്‌റൈനിൽ തന്നെ ഒളിവിൽ കഴിയുകയാണെന്നും കണ്ടെത്തിയ പൊലീസ് ഉടൻ തന്നെ ഇവരെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ കേസിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ഇവരുടെ സഹതാമസക്കാരിയായ മറ്റൊരു ഏഷ്യൻ വനിതയെയും പൊലീസ് അറസ്റ്റ് ചെയ്തു. നെയിം പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനായ മേജർ ഖലീഫ ആൽഥാനിയുടെ മേൽനോട്ടത്തിലായിരുന്നു സമഗ്രമായ അന്വേഷണം നടന്നത്.

അന്വേഷണത്തിൽ കാണാതായ സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും പൊലീസ് വീണ്ടെടുക്കുകയും യഥാർത്ഥ ഉടമസ്ഥന് കൈമാറുകയും ചെയ്തു. ശേഷിക്കുന്ന സ്വർണം കൂടി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.

Content Highlights: Two Asian expatriate women were arrested in Bahrain after allegedly leaving with gold jewellery worth around BHD 8,000 that had been entrusted to one of them for taking to the owner’s home country. Police recovered most of the jewellery and continued the investigation.

dot image
To advertise here,contact us
dot image