

കാൻസർ ബാധിതനായി ബഹ്റൈനിൽ ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി രാജേഷ് കോരപു പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജേഷിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബോൺ കാൻസർ സ്ഥിരീകരിച്ചത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷ് രണ്ടുവർഷത്തിലേറെയായി ഇളയ കുഞ്ഞിനെ കാണാൻ കഴിയാതെയാണ് പ്രവാസത്തിൽ കഴിഞ്ഞിരുന്നത്. ഏഴ് വയസ്സും രണ്ട് വയസ്സും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളാണ് നാട്ടിൽ രാജേഷിനെ കാത്തിരിക്കുന്നത്. ഇതിനിടെ പിതാവിന്റെ ദീർഘകാല ചികിത്സയ്ക്കായി കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതകൾക്കിടയിലാണ് രാജേഷിനും അപ്രതീക്ഷിതമായി ഈ ഗുരുതര രോഗം സ്ഥിരീകരിച്ചത്.
നാട്ടിലെത്തിയ ശേഷമുള്ള തുടർചികിത്സയും കുടുംബത്തിന്റെ ദൈനംദിന ജീവിതച്ചെലവുകളും മുന്നോട്ട് കൊണ്ടുപോകുന്നത് ഈ കുടുംബത്തിന് വലിയ വെല്ലുവിളിയാണ്. രാജേഷ് ജോലി ചെയ്തിരുന്ന കമ്പനി നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യമാക്കി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ നാട്ടിലേക്കുള്ള യാത്രയയപ്പ് വരെയുള്ള കാലയളവിൽ 'ഹോപ്പ്' ടീം പ്രവർത്തകർ രാജേഷിന് ആവശ്യമായ എല്ലാ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. യാത്രയയപ്പിന്റെ ഭാഗമായി കുഞ്ഞുങ്ങൾക്കായി ഗൾഫ് കിറ്റും, രാജേഷിന്റെ തുടർചികിത്സയ്ക്കും കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമായി 1,060 ബഹ്റൈൻ ദിനാർ സാമ്പത്തിക സഹായവും സംഘടന കൈമാറി.
രാജേഷിനെ എയർപോർട്ടിലേക്ക് യാത്രയാക്കാൻ ഹോപ്പ് പ്രവർത്തകരായ സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, ഷാജി മൂത്തൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഹോപ്പിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന നിരവധി സുമനസ്സുകളുടെ സഹായത്തോടെയാണ് ഈ കാരുണ്യപ്രവർത്തനം സാധ്യമാക്കിയത്. നാട്ടിൽ സുരക്ഷിതമായി എത്തിയ രാജേഷ്, തനിക്ക് തണലായി നിന്ന ഹോപ്പ് ടീമിനും ഒപ്പം നിന്ന മുഴുവൻ സുമനസ്സുകൾക്കും തന്റെ നന്ദി അറിയിച്ചു.
Content Highlights: Bahrain’s ‘Hope’ has stepped in to support an expatriate undergoing cancer treatment, providing assistance as well as much-needed community support.