

റിപ്പോര്‍ട്ടര്‍ ടിവിയിലെ ന്യൂസ് ഡെസ്‌കില്‍ പൊലീസ് നടത്തിയ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടായ്മ. കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണത്തെ ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അറിയിച്ചു. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്ന വി ഡി സതീശന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ മാധ്യമസ്ഥാപനത്തിന്റെ ന്യൂസ് ഡെസ്‌കിലേക്ക് പുലര്‍ച്ചെ പൊലീസ് ഇരച്ച് കയറുകയും കൊടും കുറ്റവാളികളെപോലെ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചുവെക്കുകയും ചെയ്ത സംഭവം ഗുരുതരമായ തെറ്റും സര്‍ക്കാറിന് നേരെ അതി ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമായ സംഭവമാണെന്ന് ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടായ്മ പറഞ്ഞു.
'ആരുടെയെങ്കിലും വികലമായ നിര്‍ദേശമോ ആസൂത്രണമോ ഇല്ലാതെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള പൊലീസ് സ്വമേധയാ ഇങ്ങനെ ഒരു ഉദ്ദ്യമത്തിന് മുതിരുമെന്ന് ആരും കരുതുന്നില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കേരളം ഭരിക്കുന്നത്. എന്നാല്‍ ഇന്ന് കേരളത്തില്‍ മാധ്യമസ്ഥാപനത്തിലേക്ക് പൊലീസ് നടപടി എത്തുമ്പോള്‍ അവര്‍ അതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യത്തില്‍ കേന്ദ്രത്തില്‍ ഇവര്‍ തന്നെ വിമര്‍ശിച്ച അതേ രീതിയിലുള്ള ഫാസിസ്റ്റ് സമീപനം കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നില്ലേയെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്ന് കഴിഞ്ഞു', ഇടതുപക്ഷ കൂട്ടായ്മ പറഞ്ഞു.
വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഭരണകൂടത്തിന്റെ നടപടികളെ വിമര്‍ശിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്റെ തോഴനാണെന്ന് പറയുകയും ഇന്ന് അധികാരത്തില്‍ എത്തിയ ശേഷം തന്നെ വിമര്‍ശിക്കുന്നവരോടും ചോദ്യങ്ങള്‍ ചോദിക്കുന്നവരോടും ശത്രുതയുടെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. റിപ്പോര്‍ട്ടര്‍ ടി വിക്കെതിരെ നടന്ന പൊലീസ് നടപടി അത് പ്രസിദ്ധീകരിച്ച വാര്‍ത്തകളോടുള്ള പ്രതികാരമാണെന്നാണോ എന്ന് ഭരണാധികാരികള്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും ഇടതുപക്ഷ കൂട്ടായ്മ പറഞ്ഞു.
'എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചില പ്രതികള്‍ക്കുള്ള ബന്ധത്തെ ക്കുറിച്ചുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലാണ് മാധ്യമസ്ഥാപനത്തിനെതിരായ ഈ നടപടി എന്നതിനാല്‍ സംഭവത്തിന്റെ സമയക്രമവും സാഹചര്യങ്ങളും സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണ്. കേസില്‍ അറസ്റ്റിലായ രണ്ട് പേരെ തനിക്ക് അറിയാമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അതുകൊണ്ട് തന്നെ ചോദ്യം ഒന്നേയുള്ളൂ: വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന ജനാധിപത്യ സമീപനമാണോ, അതോ അധികാരത്തെ അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ അന്വേഷണ സംവിധാനങ്ങളെ ഉപയോഗിച്ച് മാധ്യമസ്ഥാപനങ്ങള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന രീതിയാണോ? ഏതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് നേതാക്കള്‍ വ്യക്തമാക്കേണ്ടതുണ്ട്', ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടായ്മ പറഞ്ഞു.
മാധ്യമപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന രീതി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ ജനകീയ സര്‍ക്കാരിനോ ചേര്‍ന്നതല്ല. അധികാരത്തിലുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണം. അധികാരം മാറുമ്പോള്‍ ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങള്‍ മാറുന്നില്ല എന്ന കാര്യം ഭരണകര്‍ത്താക്കള്‍ വിസ്മരിക്കരുത്. മാധ്യമസ്വാതന്ത്ര്യം ഒരു സര്‍ക്കാരിനോ ഒരു പാര്‍ട്ടിക്കോ മാത്രം ബാധകമായ അവകാശമല്ല. അത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ നിയന്ത്രിക്കുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ കിരാതമായ കടന്നു കയറ്റത്തില്‍ ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധം അറിയിച്ചു.
Content Highlights: bahrain ldf about kerala police raid at reporter tv