ഇറാൻ ആക്രമണത്തെ പിന്തുണച്ച് പോസ്റ്റിട്ടു; യുവാവിന് 5 വർഷത്തെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി

ആക്രമണത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനാണ് നടപടി

ഇറാൻ ആക്രമണത്തെ പിന്തുണച്ച് പോസ്റ്റിട്ടു; യുവാവിന് 5 വർഷത്തെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി
dot image

ഇറാന്‍ ആക്രമണത്തെ പിന്തുണച്ചയാള്‍ക്ക് ബഹ്‌റൈന്‍ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായി ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്. ആക്രമണത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനാണ് നടപടി. ബഹ്‌റൈനെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തെ പിന്തുണച്ച് കൊണ്ട് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനെ സംബന്ധിച്ച് സൈബര്‍ ക്രൈം ടീം പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ആക്രമണത്തെ പിന്തുണക്കുന്ന ചിത്രങ്ങളും വീഡിയോകളും കമന്റുകളുമായിരുന്നു ഇയാളുടെ അക്കൗണ്ടിലുണ്ടായിരുന്നത്. പിന്നാലെ അക്കൗണ്ട് കൈകാര്യം ചെയ്തയാളെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടൊപ്പം സാക്ഷി മൊഴിയും പബ്ലിക് പ്രോസിക്യൂഷന്‍ സ്വീകരിച്ചു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ദരെ നിയമിക്കുകയും ചെയ്തു.

എല്ലാ തെളിവുകളിലും ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പിന്നാലെ കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ കൂടാതെ 2000 ദിനാര്‍ പിഴയും ചുമത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.

അതേസമയം നിയമത്തിനുള്ളില്‍ നിന്ന് വേണം അഭിപ്രായ സ്വാതന്ത്ര്യം നടത്താനെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ നിയമങ്ങളും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയും സമാധാനം ഇല്ലാതാക്കുന്നതുമായ പരാമര്‍ശങ്ങള്‍ ആര് നടത്തിയാലും നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.

Content Highlights: Bahrain’s Criminal Court has handed a five-year prison sentence to an individual accused of supporting the Iran attack, Bahrain News Agency reported.

dot image
To advertise here,contact us
dot image