

വ്യാജ വാണിജ്യ രജിസ്ട്രേഷനുകൾ നിർമ്മിച്ച് വ്യാജ തൊഴിൽ പെർമിറ്റുകൾ സംഘടിപ്പിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത കേസിൽ ഏഴ് ഏഷ്യൻ സ്വദേശികൾക്ക് ബഹ്റൈൻ ലോവർ ക്രിമിനൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. പ്രതികൾക്ക് ആകെ 2,11,000 ബഹ്റൈനി ദിനാർ (ഏകദേശം 4.6 കോടിയിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തി. ജയിൽ ശിക്ഷാ കാലാവധിയും പിഴത്തുക പൂർണ്ണമായി അടച്ചുതീർത്ത ശേഷവും പ്രതികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
നിലവിലില്ലാത്ത 64 വ്യാജ സ്ഥാപനങ്ങൾ കടലാസിൽ സൃഷ്ടിച്ചാണ് സംഘം വൻ തട്ടിപ്പ് നടത്തിയത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ എം ആർ എ) നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേടുകൾ പുറത്തുവന്നത്. ഏഴ് പ്രതികളും ചേർന്ന് ഈ വ്യാജ സ്ഥാപനങ്ങളുടെ പേരിൽ 211 വിസകൾ നിയമവിരുദ്ധമായി സംഘടിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
എൽ എം ആർ എ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. രാജ്യത്തെ തൊഴിൽ വിപണിയുടെ സുതാര്യത തകർക്കുന്നതും നിയമങ്ങൾ ലംഘിക്കുന്നതുമായ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Content Highlights: A Bahrain court has awarded strict punishment to a major fraud group accused of selling visas using fake companies. The case highlights authorities' efforts to prevent visa-related fraud and protect the integrity of the labour system.