തൊഴിൽ സുരക്ഷയിൽ മാതൃകയായി ബഹ്റൈൻ; അപകടരഹിത 35 ലക്ഷം മണിക്കൂറുകൾ പൂർത്തിയാക്കി

വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തുറസ്സായ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ പ്രത്യേക ജോലി സമയ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചതാണ് ഈ നേട്ടത്തിന് പ്രധാന വഴിയൊരുക്കിയത്.

തൊഴിൽ സുരക്ഷയിൽ മാതൃകയായി ബഹ്റൈൻ; അപകടരഹിത 35 ലക്ഷം മണിക്കൂറുകൾ പൂർത്തിയാക്കി
dot image

വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ തൊഴിൽ അപകടങ്ങളോ ജോലി സമയ നഷ്ടമോ ഇല്ലാതെ 35 ലക്ഷത്തിലധികം തൊഴിൽ മണിക്കൂറുകൾ പൂർത്തിയാക്കി ബഹ്റൈൻ പൊതുമരാമത്ത് മന്ത്രാലയം ശ്രദ്ധേയ നേട്ടം കൈവരിച്ചു. റോഡ് വികസനം, ഡ്രെയിനേജ്, കെട്ടിട നിർമാണം തുടങ്ങി രാജ്യത്തെ വിവിധ പദ്ധതികളിലാണ് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കൃത്യമായി ഉറപ്പാക്കിക്കൊണ്ട് മന്ത്രാലയം ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തുറസ്സായ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ പ്രത്യേക ജോലി സമയ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചതാണ് ഈ നേട്ടത്തിന് പ്രധാന വഴിയൊരുക്കിയത്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് നാല് മണി വരെ തുറന്ന സ്ഥലങ്ങളിൽ പണിചെയ്യുന്നതിനായുള്ള വിലക്ക് മന്ത്രാലയം പൂർണ്ണമായും നടപ്പിലാക്കി. ഇത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും അപകടങ്ങൾ ഒഴിവാക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

വിവിധ പദ്ധതികളിലായി കൈവരിച്ച അപകടരഹിത തൊഴിൽ മണിക്കൂറുകളുടെ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് വികസന പദ്ധതിയിൽ 13,31,110 മണിക്കൂറുകളും ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേ പ്രധാന മലിനജല ലൈൻ പദ്ധതിയിൽ 10,10,250 മണിക്കൂറുകളുമാണ് അപകടങ്ങളില്ലാതെ പൂർത്തിയാക്കിയത്. കൂടാതെ, ശൈഖ് ഈസ ബിൻ സൽമാൻ കോസ്‌വേയും ബുതീനിലെ റോഡ് 105ഉം ബന്ധിപ്പിക്കുന്ന പദ്ധതിയിൽ 7,04,013 മണിക്കൂറുകളും ഗലാലി ബി.ബി.കെ ഹെൽത്ത് സെന്റർ പദ്ധതിയിൽ 5,04,654 മണിക്കൂറുകളും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.

തൊഴിലിടങ്ങളിൽ സുരക്ഷാ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നിർമ്മാണ ഘട്ടങ്ങളിലുടനീളം നിരന്തര പരിശോധനകളും സുരക്ഷാ വിലയിരുത്തലുകളും നടന്നു വരുന്നുണ്ട്. തൊഴിലാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഉയർന്ന പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Content Highlights:

dot image
To advertise here,contact us
dot image