പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണം; ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി ഒഐസിസി

പ്രവാസികളുടെ സുരക്ഷയും ആത്മാഭിമാനവും ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രതിനിധികൾക്ക് ഉറപ്പുനൽകി.

പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണം; ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി ഒഐസിസി
dot image

പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവാസി പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കുന്നതിനുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒഐസിസി പ്രതിനിധി സംഘം നിവേദനം സമർപ്പിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനറും സഹ്യ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ കെടിഎ മുനീറിന്റെ നേതൃത്വത്തിലാണ് നേതാക്കൾ ആഭ്യന്തര മന്ത്രിയെ കണ്ട് അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചത്. പ്രവാസികളുടെ സുരക്ഷയും ആത്മാഭിമാനവും ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രതിനിധികൾക്ക് ഉറപ്പുനൽകി.

പൊലീസ് ആസ്ഥാനത്തെ എൻആർഐ പൊലീസ് സെല്ലിൽ എത്രയും വേഗം പുതിയ സൂപ്രണ്ട് ഓഫ് പൊലീസിനെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർ​ദ്ദേശം നൽകി. എൻആർഐ പൊലീസ് സെൽ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളോടും വ്യക്തമായ എസ്ഒപി അടിസ്ഥാനമാക്കിയും പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കുക, സുതാര്യത ഉറപ്പാക്കാൻ പ്രവാസി പ്രതിനിധികളെ ഉൾപ്പെടുത്തി 'പ്രവാസി അഡ്വൈസറി കമ്മിറ്റി' രൂപീകരിക്കുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.

പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷനിൽ വിലാസത്തിലെ ചെറിയ വ്യത്യാസങ്ങൾ കാരണം ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ നടപടികൾ ലളിതമാക്കണമെന്നും ഇതിനായി ആഭ്യന്തര മന്ത്രിയുടെ മേൽനോട്ടത്തിൽ പ്രത്യേക മോണിറ്ററിംഗ് സെൽ ആരംഭിക്കണമെന്നും ഒഐസിസി ആവശ്യപ്പെട്ടു. പ്രവാസികൾ നാട്ടിലില്ലാത്ത സമയം മുതലെടുത്ത് നടത്തുന്ന സ്വത്ത് കൈയേറ്റങ്ങൾ തടയുക, അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ വ്യാജ പരാതികളിൽ കുടുക്കുന്നത് ഒഴിവാക്കാൻ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രം കേസുകളിൽ തുടർന്നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകുക തുടങ്ങിയ കാര്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെ ശക്തമായ പോരാട്ടം നയിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് നേതൃത്വം നൽകുന്ന ആഭ്യന്തര മന്ത്രിയെ പ്രതിനിധി സംഘം പ്രത്യേകമായി അഭിനന്ദിക്കുകയും പ്രവാസി സമൂഹത്തിന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ജിദ്ദയിൽ നിന്നുള്ള ഒഐസിസി നേതാക്കളായ സാക്കിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, നാസിമുദ്ധീൻ മണനാക്, അബ്ദുൽ ഖാദർ കള്ളിവളപ്പിൽ, മുൻ ഭാരവാഹികളായ അബ്ദുൽ റഹീം ഇസ്മായിൽ, ജോഷി വർഗ്ഗീസ്, ഷുക്കൂർ വക്കം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Content Highlights: OICC has submitted a memorandum to the Home Minister, urging authorities to take necessary measures to ensure the safety, welfare and protection of expatriates.

dot image
To advertise here,contact us
dot image