

കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാ-സമര അനുസ്മരണ സമ്മേളനം ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 7:30-ന് മനാമയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. ചരിത്രപ്രസിദ്ധമായ ഭാഷാ സമരത്തിന്റെ ത്യാഗസ്മരണകൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
1980-ൽ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ അറബി, ഉർദു, സംസ്കൃതം ഭാഷകൾക്കെതിരെ കൊണ്ടുവന്ന അക്കോമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ വ്യവസ്ഥകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടന്ന സമാധാനപരമായ പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലീസ് വെടിവെപ്പിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരാണ് രക്തസാക്ഷികളായത്. ഈ ചരിത്ര സംഭവത്തെ അനുസ്മരിക്കുന്ന ചടങ്ങിൽ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ശരീഫ് കുറ്റൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
അനുസ്മരണ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7:00 മണി മുതൽ 11:00 മണി വരെ മനാമയിലെ ശിഫ അൽ ജസീറ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പിൽ ഏഴ് പ്രധാന പരിശോധനകൾ പൂർണമായും സൗജന്യമായിരിക്കും. കൂടാതെ അന്നേദിവസം മറ്റ് എല്ലാ ലാബ് പരിശോധനകൾക്കും 50 ശതമാനം ഇളവും ലഭിക്കും. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 33495982, 33165242 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Content Highlights: Bahrain KMCC is set to organize a special event to commemorate the martyrs of the language movement. The programme aims to honour their sacrifices, preserve their legacy, and educate the younger generation about the importance of protecting linguistic and cultural identity.