

കേന്ദ്ര സർക്കാരിന്റെ ഫുഡ് പ്രോസസിങ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി നിക്ഷേപത്തിലും തൊഴിലവസര സൃഷ്ടിയിലും ശ്രദ്ധേയ നേട്ടം കൈവരിച്ചതായി റിപ്പോർട്ട്.
ഇതുവരെ 9,207 കോടി നിക്ഷേപം ആകർഷിച്ച പദ്ധതിയിലൂടെ 3.35 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
2021-22 മുതൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം ആഭ്യന്തര ഭക്ഷ്യ സംസ്‌കരണ മേഖലയെ ശക്തിപ്പെടുത്തുക, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം വർധിപ്പിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക, തൊഴിൽ സൃഷ്ടിക്കുക എന്നിവയാണ്. പദ്ധതിക്കായി കേന്ദ്രം ആകെ 10,900 കോടി വകയിരുത്തിയിട്ടുണ്ട്.
പദ്ധതി ആരംഭിക്കുമ്പോൾ 7,722 കോടി നിക്ഷേപവും 2.5 ലക്ഷം തൊഴിലവസരങ്ങളും എന്നായിരുന്നു ലക്ഷ്യം. എന്നാൽ ഇതുവരെ 9,207 കോടി നിക്ഷേപവും 3.35 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ച് ഈ ലക്ഷ്യങ്ങൾ മറികടന്നതായി സർക്കാർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 127 കമ്പനികളുടെ 163 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 69 ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും (MSME) ഉൾപ്പെടുന്നു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി 212 കേന്ദ്രങ്ങളിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ജൂൺ 2026 വരെ കമ്പനികൾക്ക് 3,271.44 കോടി പ്രോത്സാഹന തുകയും വിതരണം ചെയ്തിട്ടുണ്ട്.
പിഎലി പദ്ധതിയുടെ ഫലമായി പ്രതിവർഷം 34 ലക്ഷം മെട്രിക് ടൺ അധിക ഭക്ഷ്യസംസ്‌കരണ ശേഷി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതായും സർക്കാർ അറിയിച്ചു. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുന്നതിലും പദ്ധതി നിർണായക പങ്കുവഹിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
Content Highlights: Food Processing PLI surpasses investment, employment targets as industry capacity expands: Govt