

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം ആകസ്മികമല്ലെന്ന് ബഹ്റൈൻ. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണം മനഃപൂർവമാണെന്ന് ഇന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ ബഹ്റൈൻ വ്യക്തമാക്കി. അത് വ്യവസ്ഥാപിതമായ ആക്രമണ രീതിയുടെ ഭാഗമായിരുന്നുവെന്നും ബഹ്റൈൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറാൻ്റെ ആക്രമണം നേരത്ത പദ്ധതിയിട്ടതാണെന്നും അതിനുള്ള തെളിവുകളുണ്ടെന്നും ബഹ്റൈൻ പറയുന്നു.
അതേസമയം ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി മൃതദേഹം തെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല പള്ളിയിൽ എത്തിച്ചു. നിരവധി പേരാണ് ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പള്ളിയിൽ എത്തിച്ചേർന്നത്. സംസ്കാര ചടങ്ങുകൾ നാളെ ആരംഭിക്കും. ജൂലൈ ഒമ്പതിന് അദ്ദേഹത്തിൻ്റെ ജന്മനാടും വടക്ക് കിഴക്കൻ ഇറാനിലെ പുണ്യനഗരവുമായ മഷാദിൽ ഭൗതിക ശരീരം അടക്കം ചെയ്യും. നിരവധി ലോക നേതാക്കൾ ചടങ്ങിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ അലി ഖമനയിയുടെ സംസ്‌കാരചടങ്ങിൽ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുക്കാൻ സാധ്യയില്ലെന്നാണ് റിപ്പോർട്ടുകൾ. മൊജ്തബ ഖമനയിയുടെ ഏറ്റവും അടുത്ത അനുയായിയായ ആയത്തുള്ള ഹക്കിം ഇലാഹിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ ആശങ്കകൾ മുൻ നിർത്തിയാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്. ഇസ്രയേലുമായുള്ള സംഘർഷം കൂടുതൽ സങ്കീർണമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് ആയത്തുള്ള ഹക്കിം ഇലാഹി.
ഫെബ്രുവരി 28ന് ഇസ്രയേൽ - യുഎസ് സഖ്യം തെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വർഷമാണ് ഇറാന്റെ പരമോന്നത നേതാവെന്ന പദവിയിൽ അദ്ദേഹം രാജ്യത്തെ നയിച്ചത്. തെഹ്റാൻ തെക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖോമിലും ചില ചടങ്ങുകൾ സംഘടിപ്പിക്കുമെന്നാണ് ഇറാന്റെ ഔദ്യാഗിക മാധ്യമം അറിയിച്ചിരിക്കുന്നത്. തെഹ്റാൻ, മാഷാദ്, ഖോം എന്നിവിടങ്ങളിൽ നിന്നായി 20 മില്യണോളം പേർ സംസ്‌കാരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.1989ൽ ആയത്തുള്ള റൂഹൊള്ള ഖൊമേനിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത 100ലക്ഷം പേരെന്ന സംഖ്യയെ ഇത് മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Content Highlights: Bahrain has stated that Iran's attack on Gulf countries did not come as a surprise, pointing to ongoing regional tensions and security challenges