900ലേറെ വ്യാജ യാത്രാരേഖകൾ കണ്ടെത്തി; ലോകോത്തര രേഖാ പരിശോധനാ സംവിധാനവുമായി ദുബായ്

2025-ലും 2026-ന്റെ ആദ്യ പകുതിയിലുമായാണ് 902 ക്രമക്കേടുകൾ കണ്ടെത്തിയത്

900ലേറെ വ്യാജ യാത്രാരേഖകൾ കണ്ടെത്തി; ലോകോത്തര രേഖാ പരിശോധനാ സംവിധാനവുമായി ദുബായ്
dot image

കഴിഞ്ഞ 18 മാസത്തിനിടെ ദുബായിൽ 900-ലേറെ വ്യാജവും കൃത്രിമമായി തിരുത്തിയതുമായ യാത്രാരേഖകൾ കണ്ടെത്തി. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സാണ് അത്യാധുനിക ഡിജിറ്റൽ പരിശോധനാ സംവിധാനങ്ങളുടെയും പരിശീലനം നേടിയ വിദഗ്ധരുടെയും സഹായത്തോടെ വ്യാജമായി നിർമ്മിച്ച യാത്രാ രേഖകൾ പിടികൂടിയത്. 2025-ലും 2026-ന്റെ ആദ്യ പകുതിയിലുമായാണ് 902 ക്രമക്കേടുകൾ കണ്ടെത്തിയത്. അതിർത്തി സുരക്ഷയിലും യാത്രാരേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിലും ലോകനിലവാരത്തിലുള്ള സംവിധാനമാണ് ദുബായ് വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. പരമ്പരാഗത രേഖാപരിശോധനാ വിഭാഗമെന്ന നിലയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ ഏറ്റവും മികച്ച ട്രാവൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ സെന്ററാണ് ഇത്. സംശയം തോന്നുന്ന രേഖകൾ അതിവേഗം തിരിച്ചറിയാൻ ഈ സെന്ററിന് സാധിക്കും. ഡിജിറ്റൽ ഐഡന്റിറ്റികളും യാത്രാരേഖാ വ്യാജനിർമാണ രീതികളും കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആകെ 20,307 യാത്രാരേഖകളാണ് വിശദമായി പരിശോധിച്ചത്. പാസ്‌പോർട്ടുകൾ, പ്രിന്റഡ് വിസകൾ, ഇലക്ട്രോണിക് വിസകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2025ൽ മാത്രം 15,746 യാത്രാരേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2026-ലെ ആദ്യ ആറുമാസത്തിനിടെ 4,561 രേഖകളും പരിശോധിച്ചു. ഈ കാലയളവിൽ ആകെ 902 ക്രമക്കേടുകളാണ് കണ്ടെത്തിയത്. വ്യാജരേഖകൾ, വിവരങ്ങൾ തിരുത്തിയ രേഖകൾ, ഡിജിറ്റലായി മാറ്റം വരുത്തിയ ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2025-ൽ 689 കേസുകളും 2026-ന്റെ ആദ്യ പകുതിയിൽ 213 കേസുകളും റിപ്പോർട്ട് ചെയ്തു. ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള മുൻകൂർ സുരക്ഷാ സംവിധാനങ്ങളും തത്സമയ പരിശോധനാ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിലൂടെ അതിർത്തിയിലെ ഭീഷണികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.

ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിന് ലഭിച്ച അംഗീകാരം യാത്രാരേഖാ പരിശോധനാ മേഖലയിലെ പ്രാദേശിക-ആഗോള റഫറൻസ് കേന്ദ്രമെന്ന സ്ഥാനം കൂടുതൽ ശക്തമാക്കി. ഇതോടെ രേഖാ സുരക്ഷ, ഫോറൻസിക് പരിശോധന തുടങ്ങിയ മേഖലകളിൽ പ്രത്യേക വൈദഗ്ധ്യമുള്ള കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. ദക്ഷിണ കൊറിയ, ജർമ്മൻ ഫെഡറൽ പൊലീസ്, യൂറോപ്യൻ യൂണിയൻ എംബസികൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധിസംഘങ്ങൾ രേഖാ വ്യാജനിർമാണം കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യകളും പ്രവർത്തനരീതികളും പഠിക്കാൻ ഈ കേന്ദ്രം സന്ദർശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ദുബായുടെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രാ സംവിധാനങ്ങളിലുള്ള ആഗോള വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ പരിവർത്തനം നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമദ്‌ അൽ മർറി പറഞ്ഞു. നവീന സാങ്കേതികവിദ്യയും ഡിജിറ്റൽ സംവിധാനങ്ങളും സ്വീകരിക്കുന്നത് ഇനി ഒരു തെരഞ്ഞെടുപ്പല്ലെന്നും സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ അത്യാവശ്യമായ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രതിഭകളുടെ കഴിവ് ഉപയോഗപ്പെടുത്തി ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കാണുന്ന അതിർത്തി സുരക്ഷാ സംവിധാനം സൃഷ്ടിക്കാൻ കഴിഞ്ഞതിന്റെ തെളിവാണ് ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിന്റെ നേട്ടങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 80-ലധികം രാജ്യങ്ങളിലെ പാസ്‌പോർട്ട് മാതൃകകൾ ഉൾപ്പെടുത്തിയ ആഗോള ഡാറ്റാബേസാണ് ഉപയോഗിക്കുന്നത്. ഇത് തുടർച്ചയായി പുതുക്കുന്നതിനാൽ ഏറ്റവും പുതിയ സുരക്ഷാ സവിശേഷതകൾ തിരിച്ചറിയാനും അത്യാധുനിക വ്യാജരേഖകൾ കണ്ടെത്താനും സാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി. തത്സമയ പരിശോധനാ സംവിധാനം വഴി അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള രേഖാ പരിശോധന ഉറപ്പാക്കാനാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ ജർമ്മൻ ഫെഡറൽ പോലീസിന്റെ ഡോക്യുമെന്റ് എക്സാമിനേഷൻ ലബോറട്ടറിയുമായി ജിഡിആർഎഫ്എ അടുത്ത സഹകരണം തുടരുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രേഖാ പരിശോധനാ വിദഗ്ധരെയും ഫോറൻസിക് ഡോക്യുമെന്റ് അനലിസ്റ്റുകളെയും പരിശീലിപ്പിക്കുന്നതിലാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.

പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനായി കഴിഞ്ഞ ഒന്നര വർഷത്തിനിടെ 122 മണിക്കൂർ പ്രത്യേക പരിശീലനവും നൽകി. ഇതിൽ 2025-ൽ 81 മണിക്കൂറും, 2026-ലെ ആദ്യ പകുതിയിൽ 41 മണിക്കൂറും പരിശീലനം സംഘടിപ്പിച്ചതായി ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിലെ ഉപദേഷ്ടാവ് അഖീൽ അൽ നജ്ജാർ പറഞ്ഞു. സുരക്ഷാ പ്രിന്റിംഗ് സാങ്കേതികവിദ്യകളിലും ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനങ്ങളിലുമുണ്ടാകുന്ന ആഗോള മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കുന്ന മുൻകൂർ പ്രവർത്തനരീതിയാണ് കേന്ദ്രം പിന്തുടരുന്നത്. ഇതിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ സാങ്കേതിക റിപ്പോർട്ടുകളുടെ വിശ്വാസ്യതയും കൃത്യതയും വർധിപ്പിക്കാൻ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Dubai authorities have identified over 900 fake and altered travel documents during the past 18 months as part of enhanced immigration and border security measures

dot image
To advertise here,contact us
dot image