

ആരെങ്കിലും പറഞ്ഞതോ അറിഞ്ഞതോ ആയ കാര്യങ്ങൾ മാത്രം കേട്ടുകൊണ്ട് ഓഹരി വിപണിയിൽ നിക്ഷേപിച്ച് കൈപൊള്ളിയ ഒട്ടനവധി പേരുടെ കഥകൾ നമ്മൾ കേൾക്കാറുള്ളതാണ്. 'ഈ ഓഹരി ഇപ്പോൾ വാങ്ങൂ, ദിവസങ്ങൾക്കുള്ളിൽ ഇരട്ടി ലാഭം' എന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്‌സ്ആപ്പ്, ടെലിഗ്രാം, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചുറ്റിത്തിരിയാറുണ്ട്.
എന്നാൽ ഇത്തരം വാഗ്ദാനങ്ങൾക്ക് പിന്നിൽ 'പമ്പ് ആൻഡ് ഡമ്പ്' എന്ന സംഘടിത ഓഹരി തട്ടിപ്പ് ഒളിഞ്ഞിരിക്കാമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആദ്യം ചില ഓഹരികളെക്കുറിച്ച് വ്യാജ പ്രചാരണം നടത്തി അവയുടെ വില കൃത്രിമമായി ഉയർത്തുകയും (Pump), തുടർന്ന് തട്ടിപ്പുകാർ സ്വന്തം ഓഹരികൾ ഉയർന്ന വിലയ്ക്ക് വിറ്റ് പുറത്തുകടക്കുകയും (Dump) ചെയ്യുന്നു.
ഇതോടെ ഓഹരിവില കുത്തനെ ഇടിയുകയും അവസാന ഘട്ടത്തിൽ വാങ്ങിയ സാധാരണ നിക്ഷേപകർക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ച് വിശദമായി പഠിക്കുകയും സെബി രജിസ്റ്റർ ചെയ്ത സാമ്പത്തിക ഉപദേശകരുടെ നിർദേശങ്ങൾ മാത്രം സ്വീകരിക്കുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. തട്ടിപ്പുകൾ തടയാൻ നിക്ഷേപകർ സ്വീകരിക്കേണ്ട അഞ്ച് പ്രധാന മുൻകരുതലുകൾ നോക്കാം.
വളരെ ചുരുങ്ങിയ കാലയളവിൽ വൻ ലാഭം ഉറപ്പുനൽകുന്ന നിക്ഷേപ നിർദേശങ്ങളെ സംശയത്തോടെ കാണണം. ഉറപ്പായ ലാഭം വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങൾ പലപ്പോഴും തട്ടിപ്പിന്റെ ഭാഗമായിരിക്കാം.
വാട്‌സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന ഓഹരി നിർദേശങ്ങൾ വിശ്വസിച്ച് നിക്ഷേപം നടത്തരുത്. നിക്ഷേപ ഉപദേശം നൽകുന്ന വ്യക്തിയോ സ്ഥാപനമോ സെബി രജിസ്റ്റർ ചെയ്തതാണോയെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
അപരിചിതർ അയയ്ക്കുന്ന ലിങ്കുകളിലൂടെയോ ആപ്പുകളിലൂടെയോ ബാങ്ക് വിവരങ്ങൾ, ഡിമാറ്റ് അക്കൗണ്ട് വിവരങ്ങൾ, ഒടിപി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുത്.
ഇപ്പോൾ വാങ്ങിയില്ലെങ്കിൽ അവസരം നഷ്ടമാകും, ഇന്ന് മാത്രം പ്രത്യേക അവസരം തുടങ്ങിയ സന്ദേശങ്ങൾ ഉപയോഗിച്ച് നിക്ഷേപകരെ സമ്മർദത്തിലാക്കുന്ന തന്ത്രങ്ങൾ തട്ടിപ്പുകാർ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ വീഴാതെ സ്വതന്ത്രമായി വിവരങ്ങൾ പരിശോധിച്ചശേഷം മാത്രം നിക്ഷേപ തീരുമാനം എടുക്കണം.
ട്രേഡിങ്ങ് കുറവുള്ള (Low Liquidity) ഓഹരികളിൽ വില കൃത്രിമമായി ഉയർത്താൻ എളുപ്പമാണ്. അതിനാൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതി, ബിസിനസ് പ്രകടനം, ഔദ്യോഗിക വെളിപ്പെടുത്തലുകൾ എന്നിവ പരിശോധിച്ചശേഷം മാത്രമേ നിക്ഷേപം നടത്താവൂ.
ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ച് സ്വതന്ത്രമായി പഠിക്കുക, സെബി രജിസ്റ്റർ ചെയ്ത നിക്ഷേപ ഉപദേശകരുടെ സേവനം മാത്രം ഉപയോഗിക്കുക, സാമൂഹികമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഓഹരി ടിപ്പുകളിൽ അന്ധമായി വിശ്വസിക്കാതിരിക്കുക എന്നിവയാണ് വിദഗ്ധരുടെ പ്രധാന നിർദേശങ്ങൾ. ജാഗ്രതയോടെയുള്ള നിക്ഷേപ സമീപനമാണ് ഇത്തരം സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Content Highlights:SEBI's Pump and Dump Crackdown: 5 Ways to Protect Yourself from Stock Market Scams