

ബലിപെരുന്നാൾ അവധിക്കാലത്ത് പൊതുഗതാഗത ശൃംഖലയിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രവർത്തന സമയം നീട്ടി ദുബായ് മെട്രോയും ട്രാമും. രാജ്യത്തെ ബഹുനില പാർക്കിങ്ങുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിങ് സൗകര്യങ്ങളും മെയ് 29 വരെ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ബസ്, സമുദ്ര ഗതാഗതം, വാഹന പരിശോധനാ കേന്ദ്രങ്ങൾ എന്നിവയുടെ സമയക്രമത്തിലും ആർടിഎ വിപുലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ബലിപെരുന്നാൾ അവധിക്കാലത്ത് ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ ശനിയാഴ്ചകളിൽ രാവിലെ 5 മുതൽ പുലർച്ചെ 1 വരെയും, ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ പുലർച്ചെ 1 വരെയും സർവീസ് നടത്തും. തിങ്കൾ മുതൽ ശനി വരെയുള്ള മറ്റ് ദിവസങ്ങളിലും രാവിലെ 5 മുതൽ പുലർച്ചെ 1 മണി വരെ മെട്രോ ലഭ്യമായിരിക്കും. മെട്രോയ്ക്ക് പുറമെ ദുബായ് ട്രാമും ഇതേ രീതിയിൽ പുലർച്ചെ 1 മണി വരെ സർവീസ് നീട്ടിയിട്ടുണ്ട്.
ബസ് യാത്രക്കാർ തത്സമയ വിവരങ്ങൾക്കായി 'സഹൈൽ' ആപ്പ് ഉപയോഗിക്കണമെന്ന് ആർടിഎ നിർദ്ദേശിച്ചു. അതേസമയം, അൽ ഗുബൈബ സ്റ്റേഷനിൽ നിന്നുള്ള ഇന്റർ-എമിറേറ്റ് ബസ് റൂട്ട് E100 മെയ് 31 വരെ നിർത്തിവെച്ചതിനാൽ അബുദാബിയിലേക്കുള്ള യാത്രക്കാർ ഇബ്‌നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101 ബസ് ഉപയോഗിക്കേണ്ടതാണ്. സമുദ്രഗതാഗത വിവരങ്ങൾ ഫെറി ടെർമിനലുകളിലെ ക്യുആർ കോഡ് വഴി അറിയാം. പെരുന്നാൾ സമ്മാനമായി മെയ് 29 വെള്ളി വരെ നഗരത്തിലെ പൊതു പാർക്കിംഗുകൾ സൗജന്യമാക്കിയിട്ടുണ്ട്; എന്നാൽ മൾട്ടി ലെവൽ പാർക്കിംഗുകൾക്ക് ഇത് ബാധകമല്ല.
അവധിക്കാലത്ത് ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ അടച്ചിടുമെങ്കിലും ഉം റമൂൽ സെന്ററും, ദെയ്‌റ, അൽ ബർഷ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെ സ്മാർട്ട് കിയോസ്‌ക്കുകളും 24 മണിക്കൂറും പ്രവർത്തിക്കും. വാഹന പരിശോധനാ കേന്ദ്രങ്ങൾ മെയ് 29 വരെ അടച്ചിടുമെങ്കിലും തൊട്ടടുത്ത ദിവസം മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Dubai has extended public transport operating hours following a surge in passenger traffic during the Eid holiday period. The move aims to ease travel and improve convenience for commuters across the city.