

ബഹ്റൈനിൽ സജീവ വാണിജ്യ രജിസ്ട്രേഷനുകൾ വർദ്ധിച്ചതായി അധികൃതർ. ബിസിനസ് മേഖല ബഹ്റൈനിൽ ശക്തിപ്രാപിക്കുന്നതിന്റെ സൂചനയാണിതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. നിക്ഷേപങ്ങൾക്ക് അനുകൂലമായ സ്ഥിരതയാർന്ന ബിസിനസ് അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് സർക്കാരിന്റെ മുൻഗണനയെന്നും അധികൃതർ പ്രതികരിച്ചു.
ബഹ്‌റൈനിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സജീവമായ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തിയതായി വ്യവസായ-വാണിജ്യ മന്ത്രി അബ്ദുള്ള ഫാ പാർലമെന്റിനെ അറിയിച്ചു. ആയിരക്കണക്കിന് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടും മൊത്തത്തിലുള്ള ബിസിനസ് മേഖല ശക്തിപ്രാപിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023-ൽ 87,648 ആയിരുന്ന സജീവ രജിസ്ട്രേഷനുകൾ 2025-ഓടെ 96,429 ആയി ഉയർന്നു. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം നിലവിൽ 96,331 രജിസ്ട്രേഷനുകളാണ് ഉള്ളത്. ഇതോടൊപ്പം, 2023 മുതൽ 2025 വരെ ഉടമകളുടെ അഭ്യർത്ഥനപ്രകാരം 26,227 രജിസ്ട്രേഷനുകൾ റദ്ദാക്കിയതായും മന്ത്രി വ്യക്തമാക്കി.
വിപണിയിലെ സ്വാഭാവികമായ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സാമ്പത്തിക ആസൂത്രണത്തിലെ പിഴവുകൾ, വിപണന തന്ത്രങ്ങളുടെ അഭാവം, വിപണിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാനാകാത്തത് എന്നിവയാണ് പല ബിസിനസുകളും പരാജയപ്പെടാൻ ഇടയാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപകർക്ക് കൂടുതൽ സുസ്ഥിരമായ ബിസിനസ് അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: