

ബഹ്റൈനില്‍ വാണിജ്യ കമ്പനി നിയമത്തില്‍ സുപ്രധാന ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. അടുത്ത മാര്‍ച്ചില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് മൂല്യനിര്‍ണയത്തിന് മുന്നോടിയായി രാജ്യത്തിന്റെ നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും ബിസിനസ് രംഗത്തെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
രാജ്യത്തെ ബിസിനസ് മേഖലയിലെ സുതാര്യത വര്‍ദ്ധിപ്പിക്കാനും നിയമപരമായ പഴുതുകള്‍ അടയ്ക്കാനും ലക്ഷ്യമിട്ടാണ് വാണിജ്യ കമ്പനി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. 2025-ലെ ഡിക്രി നിയമം നമ്പര്‍ 38 പ്രകാരമുള്ള മാറ്റങ്ങള്‍ക്ക് പാര്‍മെന്റ് അംഗീകാരം നല്‍കി. പുതിയ ഭേദഗതി പ്രകാരം കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍ക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
ഔദ്യോഗിക പദവികള്‍ വഹിക്കാത്തവരായാലും മാനേജ്‌മെന്റില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തികളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഗുരുതരമായ വീഴ്ചകള്‍, ദുരുപയോഗം, നിയമലംഘനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തിപരമായും കൂട്ടായും ഉത്തരവാദികളായിരിക്കും. സാമ്പത്തിക-സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് ബഹ്‌റൈനിലെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാന്‍ പുതിയ പരിഷ്‌ക്കരങ്ങളിലൂടെ കഴിയുമെന്ന് വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ബിന്‍ ആദല്‍ ഫാ വ്യക്തമാക്കി.
ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പനികള്‍ക്ക് പൊതുയോഗങ്ങളും വോട്ടെടുപ്പുകളും ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി നടത്താനും അനുമതിയുണ്ടാകും. അടച്ചുപൂട്ടിയ ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ ഒറ്റ ഓഹരിയുടമയുടെ കീഴില്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നതും പാപ്പരാകല്‍, ബിസിനസ് പങ്കാളികളുടെ മരണം, പങ്കാളിയുടെ പിന്മാറ്റം തുടങ്ങിയ സാഹചര്യങ്ങളില്‍ കമ്പനിയുടെ ഭാവി നിര്‍ണയിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം 90 പ്രവൃത്തി ദിവസമായി വര്‍ദ്ധിപ്പിച്ചതും പുതിയ പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുന്നു.
Content Highlights: Bahrain has introduced key amendments to its Commercial Companies Law aimed at improving transparency in the business sector and creating a stronger investor-friendly environment. The new regulations are expected to streamline corporate governance, improve compliance standards, and boost investor confidence, especially among foreign businesses looking to expand in the Gulf region.