വേനൽമഴയും ശക്തമായ കാറ്റും; അട്ടപ്പാടിയിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് യുവതിക്ക് ദാരുണാന്ത്യം

അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്

വേനൽമഴയും ശക്തമായ കാറ്റും; അട്ടപ്പാടിയിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് യുവതിക്ക് ദാരുണാന്ത്യം
dot image

പാലക്കാട്: അട്ടപ്പാടിയിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് യുവതിക്ക് ദാരുണാന്ത്യം. കൽക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ചായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ മരം ഒടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാപകമായി വേനൽ മഴയും കാറ്റും ശക്തമാകുകയാണ്. പാലക്കാടിന് പുറമെ ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴയും കാറ്റും വൻ നാശനഷ്ട‌ങ്ങളാണ് വിതച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ശക്തമായ കാറ്റിൽ ഗോഡൗണിന്റെ മേൽക്കൂര പൂർണമായും തകർന്നു. ചുങ്കം സെൻ്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ ഷീറ്റുകളാണ് തകർന്നത്. വണ്ടിപ്പെരിയാർ പാറമട ഭാഗത്ത് മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം പൂർണമായും നിലയ്ക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലും മഴ ശക്തമാണ്. മുക്കം, തിരുവമ്പാടി, കൊടിയത്തൂർ, കാരശ്ശേരി, ഓമശ്ശേരി, കൂടരഞ്ഞി തുടങ്ങിയ ഇടങ്ങളിൽ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം താറുമാറായി.

അതേസമയം, മധ്യ- തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് സൂചന. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlights: Woman dies after tree falls on autorickshaw in Attappadi

dot image
To advertise here,contact us
dot image