പ്ലാസ്റ്റിക് ബാഗുകൾക്ക് പൂട്ടിടാൻ ശക്തമായ നടപടികളുമായി ബഹ്‌റൈൻ; നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയ ബാഗുകൾ ഇവ

വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും നിലവിലുള്ള സ്റ്റോക്ക് തീർക്കുന്നതിനും പുതിയ മാനദണ്ഡങ്ങളിലേക്ക് മാറുന്നതിനുമായി ആറുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്

പ്ലാസ്റ്റിക് ബാഗുകൾക്ക് പൂട്ടിടാൻ ശക്തമായ നടപടികളുമായി ബഹ്‌റൈൻ; നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയ ബാഗുകൾ ഇവ
dot image

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി ബഹ്‌റൈൻ. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി . 57 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിർമ്മാണം, ഇറക്കുമതി, ഉപയോഗം എന്നിവ നിരോധിച്ച് കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കി.

2019ൽ 35 മൈക്രോണിൽ താഴെയുള്ള ബാഗുകൾക്കും 2021ൽ 200 മില്ലിയിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്കും ഏർപ്പെടുത്തിയ നിരോധനത്തിന്റെ തുടർച്ചയായാണ് പുതിയ നടപടി. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇത് സംബന്ധിച്ച് അവബോധം നൽകുന്നതിനായി അറബിയിലും ഇംഗ്ലീഷിലും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും.

57 മൈക്രോണിൽ താഴെ ഭാരമുളള എല്ലാ സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾക്കും നിരോധനം ബാധകമാണ്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഹാൻഡ് ബാഗുകൾ, പിടി ഉള്ളതും ഇല്ലാത്തതുമായ ബാഗുകൾ, പ്ലാസ്റ്റിക് ഘടകങ്ങളുള്ള മറ്റ് ബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടും. വിൽപന കേന്ദ്രങ്ങളിൽ നൽകുന്നതോ പാക്കറ്റുകളായി വിൽക്കുന്നതോ ആയ ബാഗുകൾക്കും നിയന്ത്രണമുണ്ട്.

വീടുകളിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ബാഗുകൾ, ആശുപത്രികളിലെ അപകടകരമായ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ബാഗുകൾ എന്നിവ നിരോധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മരുന്നുകൾ, ആഹാരപദാർത്ഥങ്ങൾ എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്നവയും കയറ്റുമതി ആവശ്യങ്ങൾക്കായി പ്രത്യേകം നിർമ്മിച്ച ബാഗുകളും ഉപയോഗിക്കുന്നതിന് തടസമില്ല.

നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാൻ തുറമുഖങ്ങളിൽ മന്ത്രാലയത്തിന്റെ ഇൻസ്‌പെക്ഷൻ ആൻഡ് സ്റ്റാൻഡേർഡ് ഡയറക്ടറേറ്റ് കർശന പരിശോധന നടത്തും. ഇതിന് പുറമെ വിപണികളിൽ ഫീൽഡ് സർവേകളും പരിശോധനകളും ശക്തമാക്കും. വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും നിലവിലുള്ള സ്റ്റോക്ക് തീർക്കുന്നതിനും പുതിയ മാനദണ്ഡങ്ങളിലേക്ക് മാറുന്നതിനുമായി ആറുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

Content Highlights: Ban on single use plastic bag in Bahrain

dot image
To advertise here,contact us
dot image