

ബഹ്റൈനും സൗദി അറേബ്യയും തമ്മിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ബഹ്റൈൻ-സൗദി കോഓഡിനേഷൻ കൗൺസിലിന്റെ നാലാം യോഗം ചേർന്നു. ഇരുരാജ്യങ്ങളിലെയും വിമാനത്താവളങ്ങളിൽ ഇ-പാസ്പോർട്ട് ഉടമകൾക്കായി ഇലക്ട്രോണിക് ഗേറ്റുകൾ സജീവമാക്കുന്നതുൾപ്പെടെ നിരവധി കരാറുകളുടെ പ്രഖ്യാപനം നടന്നു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസും സംയുക്തമായാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ചരിത്രപരമായ ബന്ധവും പൊതുവായ ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഉന്നതതല യോഗം ചേർന്നത്. യോഗത്തിൽ സുപ്രധാനമായ നിരവധി സംയോജന പദ്ധതികളും സാമ്പത്തിക കരാറുകളും പ്രഖ്യാപിച്ചു.
കിങ് ഫഹദ് കോയിൽ ബഹ്റൈൻ-സൗദി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് ഇന്റഗ്രേഷൻ സിസ്റ്റം നടപ്പാക്കും. ഇരുരാജ്യങ്ങളിലെയും വിമാനത്താവളങ്ങളിൽ ഇ-പാസ്പോർട്ട് ഉടമ കൾക്കായി ഇലക്ട്രോണിക് ഗേറ്റുകൾ സജീവമാക്കും. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക റീജിയണൽ സേഫ്റ്റി ഓവർസൈറ്റ് ഓർഗനൈസേഷനിൽ ബഹ്റൈൻ അംഗമാകും. ബഹ്റൈൻ വിദ്യാർഥികൾക്കായി സൗദിയിൽ സ്കോളർഷിപ്പുകൾ നൽകും. സൗദിയിലേക്ക് കയറ്റി അയക്കുന്ന ബഹ്റൈൻ വ്യാവസായിക ഉത്പ്പന്നങ്ങളുടെ ഉത്ഭവം തെളിയിക്കുന്ന ഔദ്യോഗിക രേഖ നടപടിക്രമങ്ങൾ ലഘൂകരിക്കും.
സൗദി ടെലികോം കമ്പനിയായ എസ്ടിസി ബഹ്റൈനിൽ സംയോജിത ഡാറ്റാ സെന്റർ സ്ഥാപിക്കും. വൈദ്യുതി ഉത്പാദന-ശുദ്ധജല പ്ലാന്റുകളിൽ എസിഡബ്ല്യുഎ പവർ നിക്ഷേപം, സൗദി കിഴക്കൻ പ്രവിശ്യയിൽ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുകയും ബഹ്റൈനുമായി ബന്ധിപ്പിക്കുകയും ചെയ്യും. ബഹ്റൈനെയും സൗദിയെയും ആഗോള ശൃംഖലകളുമായി ബന്ധിപ്പിച്ച് കടലിനടിയിലൂടെയുള്ള ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കും. കൂടാതെ ഇരട്ട നികുതി ഒഴിവാക്കൽ, നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, മത്സരശേഷി പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, ആണവസുരക്ഷയും റേഡിയേഷൻ സംരക്ഷണവും യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈനും കിങ് സൗദ് യൂനിവേഴ്സിറ്റിയും തമ്മിലുള്ള സഹകരണം, റെയിൽവേ മേഖലയിൽ പരിശീലനവും യോഗ്യതയും, സുസ്ഥിര വികസന മേഖലകൾ, നയതന്ത്രപഠനങ്ങൾ തുടങ്ങി നയതന്ത്രം, നിക്ഷേപം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ നിരവധി ഉടമ്പടികളും ധാരണപത്രങ്ങളും ഒപ്പുവെക്കുകയും പ്രഖ്യാപിക്കുകയും പരസ്പര സഹകരണം നൽകാനും കൂടിക്കാഴ്ചയിൽ ധാരണയായി.
രാജാവ് ഹമദ് ബിൻ ഈ സ ആൽ ഖലീഫ, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് എന്നിവരുടെ പിന്തുണയോടെനേതൃത്വത്തിൽ ഇരു രാജ്യങ്ങളുടെയും സഹകരണം തുടരുകയാണെന്നും ഈ ശക്തമായ ബന്ധം ബഹ്‌റൈനും സൗദിക്കും വിവിധ മേഖലകളിൽ കൂടിച്ചേരലും ബന്ധവും ശക്തിപ്പെടുത്തുവാൻ വഴിവെച്ചതായും യോഗം വിലയിരുത്തി. അഞ്ചാമത് ബഹ്റൈൻ-സൗദി കോഓഡിനേഷൻ കൗൺസിൽ യോഗം സൗദി അറേബ്യയിൽ വെച്ച് നടത്താനും യോഗത്തിൽ ധാരണയായി.
Content Highlights: Bahrain, Saudi Arabia announce key projects, decisions