

അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ച തുക ചിലവഴിക്കില്ലെന്ന വ്യത്യസ്ത തീരുമാനവുമായി മലയാളി. കൊച്ചി സ്വദേശിയായ മുഹമ്മദ് റിസ്വാൻ തനിക്ക് സമ്മാനമായി ലഭിക്കുന്ന തുക 10 വർഷത്തേയ്ക്ക് ചിലവഴിക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. സമ്മാനത്തുക പൂർണ്ണമായും റിട്ടയർമെൻ്റ് ഫണ്ടിലേക്ക് മാറ്റാനാണ് റിസ്വാൻ ആഗ്രഹിക്കുന്നത്.
കേരളത്തിൽ കൊച്ചി സ്വദേശിയാണ് റിസ്‌വാൻ. സൗദി അറേബ്യയിലെ അൽ ഖോബാറിൽ എണ്ണപ്പാടങ്ങളിലെ ആരോഗ്യ-സുരക്ഷാ ഉദ്യോഗസ്ഥനായാണ് റിസ്വാൻ ജോലി ചെയ്യുകയാണ്. സഹപ്രവർത്തകനായ പി വി രാജൻ വാങ്ങിയ ബിഗ് ടിക്കറ്റിൽ ആകെ 16 പങ്കാളികളുണ്ടായിരുന്നു. അതിലൊരാളാണ് റിസ്വാൻ. 25 മില്യൺ ദിർഹമായിരുന്നു ഇന്നലെ നടന്ന നറുക്കെടുപ്പിലെ സമ്മാനത്തുക.
സാധാരണയായി ബിഗ് ടിക്കറ്റ് വിജയികൾ പുതിയ വീട്, വാഹനം അല്ലെങ്കിൽ യാത്രകൾ എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ റിസ്വാന് അത്തരത്തിലുള്ള ആശയങ്ങളൊന്നുമില്ല. പകരമായി, സമ്മാനത്തുക പൂർണ്ണമായും റിട്ടയർമെൻ്റ് ഫണ്ടിലേക്ക് മാറ്റാനാണ് റിസ്വാൻ ആഗ്രഹിക്കുന്നത്.
'ഞാൻ ഈ പണം എൻ്റെ ദൈനംദിന ചെലവുകൾക്കായി ഉപയോഗിക്കില്ല. ഇത് അബുദാബിയിലും സൗദിയിലും മറ്റ് സ്ഥലങ്ങളിലുമായി നിക്ഷേപിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ നഗരങ്ങളിൽ ഭാവിയിൽ കൂടുതൽ വികസനങ്ങളുണ്ടാകും. ബിഗ് ടിക്കറ്റിൽ നിന്ന് ലഭിച്ച തുക എൻ്റെ ഭാവിക്ക് വേണ്ടിയുള്ളതാണ്. കുറഞ്ഞത് 10 വർഷത്തേക്കെങ്കിലും ഈ തുക ഞാൻ തൊടാൻ ഉദ്ദേശിക്കുന്നില്ല,' റിസ്വാൻ വ്യക്തമാക്കി.
അതിനിടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലഭിച്ച സമ്മാനത്തുകയിലെ സ്വന്തം വിഹിതത്തിന്റെ വലിയൊരു ശതമാനം തുക ചാരിറ്റി പ്രവര്‍ത്തനത്തിനായി വിനിയോഗിക്കാനാണ് പി വി രാജന്റെ തീരുമാനം. കുടുംബത്തിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ ചെറിയ വിഹിതം ഉപയോഗിക്കുമെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാന്‍ഡ് പ്രൈസിന് പുറമേ, പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം ആശ്വാസ സമ്മാനങ്ങളും ലഭിച്ചു.
കഴിഞ്ഞ നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസ് ജേതാവായ ശരവണന്‍ വെങ്കിടാചലവും നടുക്കെടുപ്പിനായി എത്തിയിരുന്നു. 30 മില്യണ്‍ ദിര്‍ഹത്തിന്റെ നറുക്കെടുപ്പോടെയാണ് ബിഗ് ടിക്കറ്റ് 2026 ന് തുടക്കം കുറിക്കുന്നത്. ജനുവരി മൂന്നിന് വിജയിയെ പ്രഖ്യാപിക്കും. 50,000 ദിര്‍ഹം വീതമുള്ള അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഈ പ്രമോഷനില്‍ ഉണ്ടായിരിക്കും. അതിനിടെ ഈ മാസം നടക്കുന്ന ആഴ്ചതോറുമുള്ള ഇ-ഡ്രോകളില്‍ അഞ്ച് ഭാഗ്യശാലികള്‍ക്ക് 1,00,000 ദിര്‍ഹം സമ്മാനമായി ലഭിക്കും.
Content Highlights: Abu Dhabi big ticket: Malayali Expat Says He Won’t Spend The Prize Money: Here Is Why