മാനന്തവാടി നഗരസഭക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ്; പിന്നാലെ സസ്‌പെൻഷൻ

വിജിലൻസ് അന്വേഷണം വേണമെന്നുമാണ് സണ്ണി ജോസ് ചാലിൽ ആവശ്യപ്പെടുന്നുണ്ട്

മാനന്തവാടി നഗരസഭക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ്; പിന്നാലെ സസ്‌പെൻഷൻ
dot image

വയനാട്: യുഡിഎഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ജോസ് ചാലിൽ. നഗരസഭയുടെ വിവിധ പദ്ധതികളിൽ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നും പൊടുന്നനെയാണ് പദ്ധതികൾക്ക് ഭരണസമിതി അനുമതികൾ നൽകിയതെന്നും സണ്ണി ജോസ് ചാലിൽ ആരോപിക്കുന്നു. ഇവയിൽ വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ ഡിസിസി നേതൃത്വം സണ്ണിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

മുനിസിപ്പൽ ഓഫീസ് നിർമാണം, ടോയ്‌ലെറ്റ് ബ്ലോക്ക് നിർമാണം, സ്ട്രീറ്റ് ലൈറ്റുകൾ, ലാപ്ടോപ്പ്, തയ്യൽമെഷീൻ വിതരണം എന്നിവയിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് സണ്ണി ജോസ് ചാലിൽ ആരോപിക്കുന്നത്. ആവശ്യത്തിലേറെ സമയമുണ്ടായിട്ടും ആറ് മാസം മുൻപാണ് മുനിസിപ്പൽ ഓഫീസിന്റെ നിർമാണ ജോലികൾ ആരംഭിച്ചത്. ഏതാണ്ട് 5 കോടിരൂപ ചെലവ് വരുന്ന ഈ പദ്ധതിയിൽ 35 ലക്ഷം രൂപ കരാറുകാരൻ കൈമാറി എന്നും സണ്ണി ജോസ് ചാലിൽ ആരോപിക്കുന്നു. അതിൽ തന്നെ 15 ലക്ഷം രൂപ 37 വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയിപ്പിക്കുന്നതിന് എന്ന പേരിൽ ഒരു 'പ്രധാന കള്ളൻ' കൈപറ്റി എന്നും അദ്ദേഹം പറയുന്നു.

ഗാന്ധി പാർക്കിന് സമീപം പണിത ടോയ്‌ലറ്റ് ബ്ലോക്കിലും അഴിമതി ഉണ്ടെന്ന് സണ്ണി ആരോപിക്കുന്നു. 40 ലക്ഷം ചിലവാക്കിയിട്ട് നിർമിച്ചത് വളരെ ചെറിയ ഒരു ടോയ്‌ലെറ്റാണ്. 2000 സ്ക്വയർഫീറ്റുള്ള ഒരു നാല് മുറി വീട് നിർമിക്കേണ്ട പണം കൊണ്ടാണ് സൗകര്യങ്ങൾ തീരെയില്ലാത്ത ഒരു ടോയ്‌ലെറ്റ് നിർമിച്ചത് എന്നും അദ്ദേഹം പറയുന്നു.

നഗരത്തിലെ പല ഭാഗങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ തെളിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. വെള്ളമുണ്ടയുള്ള ലീഗുകാരനെയാണ് ഇക്കാര്യങ്ങൾക്കായി ഏൽപ്പിച്ചതെന്നും സണ്ണി ചൂണ്ടിക്കാണിച്ചു. ഉദ്‌ഘാടനത്തിന്റെ അന്നല്ലാതെ ആ സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു. കൃത്യമായ മാനദണ്ഡ പ്രകാരമുള്ള സാമഗ്രികൾ ഉപയോഗിച്ചല്ല അവ നിർമിച്ചിരിക്കുന്നത് എന്നും സണ്ണി ചൂണ്ടിക്കാട്ടി.

നഗരസഭയിലെ ലാപ്ടോപ്പ്, തയ്യൽ മെഷീൻ, കട്ടിൽ വിതരണം എന്നിവയിലും വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സണ്ണി ആരോപിക്കുന്നു. ഇവയെല്ലാം വാങ്ങിയതിലും വിതരണം ചെയ്തതിലും അഴിമതിയുണ്ട്. ചെയർമാൻ അടക്കം ഈ വിഷയത്തിൽ പെട്ടിരിക്കുകയാണെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതി ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെ സണ്ണി ജോസ് ചാലിലിനെ പാർട്ടിയിൽ നിന്ന് ഡിസിസി നേതൃത്വം സസ്‌പെൻഡ് ചെയ്തു. നേരിട്ടും, മാധ്യമങ്ങളിലൂടെയും അച്ചടക്കം ലംഘിക്കുകയും യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തു എന്ന് കണ്ടെത്തിയതിനാലാണ് സസ്‌പെൻഷൻ. ഡിസിസി പ്രസിഡന്റ് അഡ്വ. ടി.ജെ ഐസക്കാണ് സസ്‌പെൻഡ് ചെയ്തത്.

Content Highlights: congress leader corruption allegations against mananthavady municipality

dot image
To advertise here,contact us
dot image