സര്‍ക്കാര്‍ സർവീസുകളിൽ പ്രവാസി നിയമനം പരിമിതപ്പെടുത്തൽ; നിർദ്ദേശത്തിന് ബഹ്റൈൻ പാർലമെന്റ് അം​ഗീകാരം

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ബില്ലിനാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്

സര്‍ക്കാര്‍ സർവീസുകളിൽ പ്രവാസി നിയമനം പരിമിതപ്പെടുത്തൽ; നിർദ്ദേശത്തിന് ബഹ്റൈൻ പാർലമെന്റ് അം​ഗീകാരം
dot image

ബഹ്‌റൈനിലെ സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രവാസികളെ നിയമിക്കുന്നത് പരിമിതപ്പെടുത്തുന്ന നിര്‍ദ്ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കുന്ന വിദേശതൊഴിലാളികളുടെ കരാര്‍ കാലാവധി 24 മാസമായി പരിമിതപ്പെടുത്തും. പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയം ഇപ്പോള്‍ ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലാണ്.

ബഹ്‌റൈനിലെ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ബില്ലിനാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആവശ്യത്തിന് സ്വദേശികള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമേ ഇനി പ്രവാസികളെ നിയമിക്കാന്‍ അനുവാദമുള്ളൂ.

ഇത്തരം തസ്തികകളില്‍ ജോലി ലഭിക്കുന്ന വിദേശികള്‍ക്ക് ബിരുദാനന്തര ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. ഇതിന് പുറമെ പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ആവശ്യമാണ്. ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കുന്ന വിദേശികളുടെ കരാര്‍ കാലാവധി ഇരുപത്തി നാലു മാസമായി പരിമിതപ്പെടുത്തും. ഈ കാലാവധി കഴിഞ്ഞാല്‍, ഈ തസ്തികയിലേക്ക് സ്വദേശി ഉദ്യോഗാര്‍ത്ഥി ഇല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രമേ വീണ്ടും രണ്ടു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാന്‍ അനുവാദം ലഭിക്കൂ.

വിദേശ തൊഴിലാളിയുടെ കരാര്‍ കാലയളവില്‍ തല്‍സ്ഥാനം ഏറ്റെടുക്കുന്നതിനായി ഒരു സ്വദേശിക്ക് പരിശീലനം നല്‍കണമെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ യുവജനങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാര്‍ലമെന്റ് അംഗീകരിച്ച ഈ ബില്‍ കൂടുതല്‍ നിയമപരമായ പരിശോധനകള്‍ക്കായി ശൂറ കൗണ്‍സിലിന് കൈമാറി.

Content Highlights: MPs Approve Bill Limiting Foreign Hires in Public Jobs

dot image
To advertise here,contact us
dot image