വാഹന പാർക്കിങ് സ്മാർട്ട് ആക്കാൻ ബഹ്റൈൻ; ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കും

പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് മെയിന്റനന്‍സ് ചാര്‍ജ് താരതമ്യേന കുറവായിരിക്കും

വാഹന പാർക്കിങ് സ്മാർട്ട് ആക്കാൻ ബഹ്റൈൻ; ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കും
dot image

വാഹന പാര്‍ക്കിങ് സ്മാര്‍ട്ട് ആകാന്‍ തയ്യാറെടുപ്പുമായി ബഹ്‌റൈന്‍. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള കോയിന്‍ ഓപറേറ്റഡ് പാര്‍ക്കിങ് മീറ്ററുകള്‍ മാറ്റി സോളാറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് പാര്‍ക്കിങ് മീറ്ററുകള്‍ സ്ഥാപിക്കും. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പിലാക്കാനാണ് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ തീരുമാനം.

ബഹ്റൈനിലെ പാര്‍ക്കിങ് സംവിധാനങ്ങള്‍ ഉപഭോക്തൃ സൗഹൃദവും രാജ്യത്തിന്റെ ഡിജിറ്റല്‍ പ്രക്രിയയ്ക്ക് അനുസൃതവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. മുഹറഖില്‍ മേഖലയില്‍ കഴിഞ്ഞ ഒക്ടോബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മീറ്ററുകള്‍ സ്ഥാപിച്ചിരുന്നു. ഇത് വിജയകരമായതിന് പിന്നാലെയാണ് രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെയും മുനിസിപ്പല്‍ പ്രതിനിധികളുടെയും ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.

പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് മെയിന്റനന്‍സ് ചാര്‍ജ് താരതമ്യേന കുറവായിരിക്കും. പേപ്പര്‍ ടിക്കറ്റുകളും നാണയങ്ങളും ഒഴിവാക്കുന്നതിലൂടെ മാലിന്യം കുറയ്ക്കാനും ഇതിലൂടെ കഴിയും. ഈ വര്‍ഷം അവസാത്തോടെ ഘട്ടം ഘട്ടമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് മറ്റുള്ള സംവിധാനങ്ങള്‍ക്കൊപ്പം പാര്‍ക്കിംഗ് ഫീസും ഡിജിറ്റലായി നല്‍കാനാകും.

സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍, കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകള്‍, നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി തുടങ്ങി വിവിധതരം ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍ പുതിയ മീറ്ററുകളിള്‍ ഉപയോഗിക്കാന്‍ കഴിയും. നിലവില്‍ അരമണിക്കൂറിന് 100 ഫില്‍സ് ആണ് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത്. റോഡിന്റെ വശങ്ങളിലും പൊതു പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും എല്ലാം ദിവസങ്ങളും രാവിലെ ഏഴു മണിമുതല്‍ മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് പണം നല്‍കി പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. നിയമം ലംഘിക്കുന്നവര്‍ക്ക് അന്‍പത് ദീനാറാണ് പിഴ.

Content Highlights: Smart parking meters supporting digital payments introduced across Bahrain

dot image
To advertise here,contact us
dot image