അബ്ദുൽ റഹീമിന് അടുത്ത വർഷം മോചനം; വധശിക്ഷ നൽകണമെന്ന വാദം സൗദി സുപ്രീംകോടതി തള്ളി

അടുത്ത വർഷമാണ് റഹീമിന്റെ ശിക്ഷയുടെ കാലാവധി അവസാനിക്കുക

അബ്ദുൽ റഹീമിന് അടുത്ത വർഷം മോചനം; വധശിക്ഷ നൽകണമെന്ന വാദം സൗദി സുപ്രീംകോടതി തള്ളി
dot image

സൗദി ബാലന്റെ കൊലപാതകത്തെ തുടർന്ന് സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് അടുത്ത വർഷം മോചനം ലഭിക്കും. റഹീമിന് വധശിക്ഷ വേണമെന്ന പ്രോസിക്യൂഷന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. 20 വർഷം തടവുശിക്ഷ മതിയെന്ന കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. അടുത്ത വർഷമാണ് റഹീമിന്റെ ശിക്ഷയുടെ കാലാവധി അവസാനിക്കുക.

നേരത്തെ മെയ് 26ന് അബ്ദുറഹീമിന് 20 വർഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനൽ കോടതിയുടെ വിധി ജൂലൈ ഒമ്പതിന് അപ്പീൽ കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രിംകോടതിയുടെ പരിഗണനയിലായിരുന്നു. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു.

കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ സൗദി സുപ്രിംകോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപയാണ് റഹീമിന്റെ മോചനത്തിനുള്ള ദിയാധനമായി കൈമാറിയിരുന്നത്. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനം മലയാളികള്‍ സ്വരൂപിച്ചു കണ്ടെത്തുകയും കുടുംബത്തിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തത്.

കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അപ്പീൽ കോടതിയിലും സുപ്രിംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ അഡ്വ റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരും രംഗത്തുണ്ടായിരുന്നു. സുപ്രീംകോടതിയുടെ വിധി ഏറെ സന്തോഷം നൽകുന്നതാണെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി ചെയർമാൻ സി പി മുസ്‌തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ, യുസഫ് കാക്കഞ്ചേരി എന്നിവർ പറഞ്ഞു.

2006 നവംബർ 28ന് 26-ാം വയസിലാണ് അബ്ദുൽ റഹീം ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുല്‍ റഹ്‌മാന് അല് ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.

ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 ഡിസംബര്‍ മുതല്‍ റഹീം ജയിലിലാണ്. 34 കോടിയിലേറെ രൂപ ദിയാധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

Content Highlights: Abdul Rahim to be released next year, Saudi Supreme Court rejects death penalty plea

dot image
To advertise here,contact us
dot image