'കഥാപാത്രത്തിലേക്ക് പൂര്‍ണമായി അലിഞ്ഞുചേരുന്ന നടന്‍'; മോഹന്‍ലാലിനെ അഭിനന്ദനങ്ങളില്‍ മൂടി കാര്‍ത്തി

"ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ അംഗീകാരം അത് താങ്കള്‍ക്ക് അര്‍ഹതപെട്ടതാണെന്ന് മാത്രമല്ല, താങ്കളെ പോലൊരു ലെജന്‍ഡിന് ഏറ്റവും ചേരുന്ന നേട്ടം തന്നെയാണത്"

'കഥാപാത്രത്തിലേക്ക് പൂര്‍ണമായി അലിഞ്ഞുചേരുന്ന നടന്‍'; മോഹന്‍ലാലിനെ അഭിനന്ദനങ്ങളില്‍ മൂടി കാര്‍ത്തി
dot image

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദനങ്ങളില്‍ മൂടുകയാണ് സിനിമാലോകവും പ്രേക്ഷകരും. മലയാളികള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാലോകം ഒന്നാകെ ഈ പുരസ്‌കാര നേട്ടത്തെ ആഘോഷമാക്കുന്നുണ്ട്.

തമിഴ് നടന്‍ കാര്‍ത്തിയും മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ഏത് തരം വേഷത്തിലും പൂര്‍ണമായി കഥാപാത്രമായി മാറുന്ന അതുല്യ നടനാണ് മോഹന്‍ലാല്‍ എന്ന് കാര്‍ത്തി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു കാര്‍ത്തി മോഹന്‍ലാലിനെ അഭിനന്ദിച്ചത്.

'ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാല്‍ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഏത് തരം റോളിലേക്കും, അത് സബ്ട്ടിലോ, വ്യത്യസ്ത ലെയറുകളുള്ളതോ, അല്ലെങ്കില്‍ വമ്പന്‍ വേഷമോ എന്തുമായിക്കൊള്ളട്ടെ, അതിലേക്കെല്ലാം ആഴ്ന്നിറങ്ങി പൂര്‍ണമായും കഥാപാത്രമായി മാറാനുള്ള കഴിവുള്ള നടനാണ് താങ്കള്‍.

കഥാപാത്രത്തിലേക്ക് അലിഞ്ഞുചേരുന്ന ആ കഴിവിലൂടെ സിനിമ കണ്ട ഏറ്റവും മികച്ച ഒരിക്കലും മറക്കാനാകാത്ത എത്രയോ പെര്‍ഫോമന്‍സുകള്‍ താങ്കള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ അംഗീകാരം അത് താങ്കള്‍ക്ക് അര്‍ഹതപെട്ടതാണെന്ന് മാത്രമല്ല, താങ്കളെ പോലൊരു ലെജന്‍ഡിന് ഏറ്റവും ചേരുന്ന നേട്ടം തന്നെയാണത്' കാര്‍ത്തി കുറിച്ചു.

Karthi's twwet's screenshot

2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്

ഫാല്‍ക്കേ അവാര്‍ഡ് 'എന്നെ ഞാനാക്കി മാറ്റിയ എല്ലാവര്‍ക്കുമുള്ള പുരസ്‌കാരമാണെന്നാണ്' മോഹന്‍ലാലിന്റെ പ്രതികരണം. പ്രേക്ഷകരോടും സഹപ്രവര്‍ത്തകരോടും സംവിധായകരോടും തിരക്കഥാകൃത്തുക്കളോടും മറ്റെല്ലാവരോടും നന്ദിയര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.

Content Highlights: Karthi praises Mohanlal on winning Dada Saheb Phalke award

dot image
To advertise here,contact us
dot image