
ഒമാനില്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുളള നടപടികള്‍ ശക്തിമാക്കി ഉപഭോക്തൃ സംരക്ഷണ വിഭാഗം. ഇതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളിലെ മാര്‍ക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ രണ്ട് ലക്ഷത്തോളം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും വിതരണക്കാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം വിപണി സ്ഥിരതയും ലക്ഷ്യമിട്ടായിരുന്നു പരിശോധനകള്‍. പരിശോധനയിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം വിശദമായി വിലയിരുത്തി. ഓരോ ഉല്‍പ്പന്നത്തിന്റെയും വില, പ്രൊമോഷന്‍ ഓഫറുകള്‍ എന്നിവയും പരിശോധിച്ചു. നിരവധി നിയമ ലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തി. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നായി മാനദണ്ഡങ്ങള്‍ പാലിക്കാത്ത 28,129 ഉത്പന്നങ്ങള്‍ പിടച്ചെടുത്തു. 1,88,138 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്.
മസ്‌കത്ത് ഗവര്‍ണറേറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടന്നത്. രാജ്യത്താകമാനം നടത്തിയ പരിശോധനകളുമായി താരതമ്യം ചെയ്യുമ്പോള്‍ 33 ശതമാനത്തിലധികമാണിത്. മസ്‌ക്കറ്റ് കഴിഞ്ഞാല്‍ വടക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖി എന്നിവിടങ്ങളിലാണ് കൂടുതല്‍ പരിശോധനകള്‍ നടന്നത്. ഏറ്റവും കൂടുതല്‍ വാണിജ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങള്‍ എന്ന നിലയിലാണ് ഈ മേഖലകള്‍ക്ക് പരിശോധനയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു. ദോഫാര്‍, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ബാത്തിന, റുസ്താഖ് എന്നിവിടങ്ങളിലും വിപുലമായ പരിശോധനയാണ് ഉപഭോക്തൃ സംരക്ഷണം വിഭാഗം നടത്തിയത്.
Content Highlights: Over 188,000 market inspections conducted in First Half of 2025