ബഹ്റൈനിൽ 6,300 വീടുകൾക്ക് വൈദ്യുതി ഉൽപ്പാദനം ലക്ഷ്യം; ആദ്യത്തെ സൗരോർജ്ജ നിലയം നിർമാണം ആരംഭിച്ചു

ബഹ്‌റൈനിന്റെ ഊര്‍ജ്ജ മേഖലയില്‍ നിര്‍ണായക ചുവടുവെപ്പായും പദ്ധതിയെ വിലയിരുത്തുന്നു

dot image

ബഹ്റൈനിൽ ആദ്യത്തെ സൗരോര്‍ജ്ജ നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 6,300 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനും പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം ടൺ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് 150 മെഗാവാട്ട് വരെ ഉല്‍പ്പാദന ശേഷിയുള്ള സൗരോര്‍ജ പദ്ധതി നടപ്പിലാക്കുന്നത്.

ബഹ്‌റൈൻ്റെ തെക്കന്‍ മേഖലയില്‍, ബിലാജ് അല്‍ ജസായറിനടുത്ത് ഏകദേശം 1.2 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് നിലയം പ്രവര്‍ത്തിക്കുക. ബഹ്‌റൈനിന്റെ ഊര്‍ജ്ജ മേഖലയില്‍ നിര്‍ണായക ചുവടുവെപ്പായും പദ്ധതിയെ വിലയിരുത്തുന്നു. 2060 ഓടെ നെറ്റ്-സീറോ കാര്‍ബണ്‍ എന്ന ബഹ്‌റൈനിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായി കൂടിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് വര്‍ധിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളില്‍ ഒന്നാണിതെന്ന് ബഹ്റൈൻ ഇലക്ട്രസിറ്റി ആ​ൻഡ് വാട്ടർ അതോറിറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു. പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക, അന്താരാഷ്ട്ര ഡെവലപ്പര്‍മാരുമായും മറ്റ് സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്താന്‍ ഈ മാസം 14-ന് ഗ്ലോബല്‍ മാര്‍ക്കറ്റ് സൗണ്ടിംഗ് സംഘടിപ്പിക്കും. ഇതിലൂടെ പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക ഘടനകള്‍ അവതരിപ്പിക്കാനും ടെന്‍ഡര്‍ പ്രക്രിയയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

ഈ വര്‍ഷം നാലാം പാദത്തില്‍ ടെന്‍ഡര്‍ പുറത്തിറക്കും. വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ 2027-ന്റെ മൂന്നാം പാദത്തില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലയം പ്രവര്‍ത്തനക്ഷമമാകുന്നതോടെ, ഏകദേശം 6,300 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. പദ്ധതിയില്‍ പങ്കാളികളാകാന്‍ താൽപ്പര്യമുള്ളവര്‍ക്കായി മന്ത്രാലയവുമായി സഹകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Bahrain Begins Work on 150 MW Solar Project

dot image
To advertise here,contact us
dot image