
ഖത്തറിൽ ഈ വർഷം രണ്ടാം പാദത്തിൽ 1836 കെട്ടിടങ്ങൾക്ക് നിർമാണ പെർമിറ്റുകൾ അനുവദിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. പുതിയ കെട്ടിടങ്ങൾ, കെട്ടിടങ്ങളിൽ കൂട്ടിച്ചേർക്കലുകൾ, മാറ്റങ്ങൾ, പുതുക്കലുകൾ എന്നിവയ്ക്കുള്ള പെർമിറ്റുകൾ ഉൾപ്പെടെയുള്ള കണക്കാണിത്. മുനിസിപ്പാലിറ്റികളിലെ ബിൽഡിങ് പെർമിറ്റ് കോംപ്ലക്‌സും സാങ്കേതികകാര്യ വകുപ്പും സംയുക്തമായാണ് ഈ പെർമിറ്റുകൾ അനുവദിച്ചത്.
അനുവദിക്കപ്പെട്ട പെർമിറ്റുകളിൽ ചെറുകിട പദ്ധതികൾക്കായി 1,414 നിർമാണങ്ങളാണ് അനുവദിച്ചിരിക്കുന്നത്. 59 എണ്ണം വൻകിട പദ്ധതികൾക്കും 363 എണ്ണം മറ്റു പദ്ധതികൾക്കുമായാണ് പെർമിറ്റ് നൽകിയിരിക്കുന്നത്. ഖത്തറിലെ നിർമാണ മേഖലയുടെ ഉയർച്ചയെ ഈ കണക്കുകൾ സൂചിപ്പിക്കുന്നുവെന്നാണ് മുൻസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഈ കാലയളവിൽ, കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട മറ്റ് 1872 പെർമിറ്റുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. 919 കെട്ടിട പൂർത്തീകരണ സർട്ടിഫിക്കറ്റുകൾ, 340 മെയിന്റനൻസ് പെർമിറ്റുകൾ, 189 പൊളിച്ചുമാറ്റൽ പെർമിറ്റുകൾ, 424 പ്രോപ്പർട്ടി ഇൻഫർമേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയാണത്.
കൂടാതെ, ഇതേ കാലയളവിൽ 91,887 എൻജിനീയറിങ് പ്ലാനുകൾക്കും മുൻസിപ്പാലിറ്റി മന്ത്രാലയം അംഗീകാരം നൽകി. ഇതിൽ കെട്ടിട നിർമാണ പെർമിറ്റുകൾക്കുള്ള 62,237 പ്ലാനുകളും കെട്ടിട പൂർത്തീകരണ സർട്ടിഫിക്കറ്റുകൾക്കുള്ള 25,522 പ്ലാനുകളും ഉൾപ്പെടുന്നു. മെയിന്റനൻസ്, പൊളിച്ചുമാറ്റൽ, പ്രോപ്പർട്ടി ഇൻഫർമേഷൻ തുടങ്ങിയ പെർമിറ്റുകൾക്കായി യഥാക്രമം 2513, 1310, 305 പ്ലാനുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.
Content Highligths: 1,836 building permits issued in second quarter of this year: Qatar's ministry