യുഎഇയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണില്ല; മന്ത്രി
'ഒമിക്രോണിന് വ്യാപനശേഷി കൂടുതലുണ്ട്. എന്നാല്‍ സ്വാധീനം കുറവാണ്'
14 Jan 2022 9:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമ്പൂര്‍ണ ലോക്ഡൗണിലേക്ക് വീണ്ടും പോകാന്‍ സാധ്യതയില്ലെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ താനി അല്‍ സെയൂദി. ഒമിക്രോണിന് വ്യാപനശേഷി കൂടുതലുണ്ട്. എന്നാല്‍ സ്വാധീനം കുറവാണ്. ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്തിരുന്ന സമയത്ത് പോലും ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം രാജ്യത്തുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയും സാമ്പത്തിക മേഖലയും തമ്മില്‍ സന്തുലിതാവസ്ഥയുണ്ടെന്നും അദ്ദേഹം ബ്ലൂം ബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 2021ല്‍ രാജ്യം സുവര്‍ണ ജൂബിലി ആഘോഷിച്ചു. ലോകത്തെ ഞങ്ങള്‍ എക്‌സ്‌പോയിലേക്ക് സ്വാഗതം ചെയ്തു. ലോക്ഡൗണ്‍ തുടരാന്‍ കഴിയില്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനെടുക്കുകയും ബൂസ്റ്റര്‍ ഡോസ് എടുക്കുകയും മുന്‍കരുതലുകള്‍ പാലിക്കുകയും ചെയ്യുകയെന്നുളളതാണ് ജനങ്ങളോട് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന കാര്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
2020ന്റെ തുടക്കത്തില്‍ കൊവിഡ് വ്യാപനം കൂടിയമ്പോള്‍ യുഎഇ യാത്രാനിയന്ത്രണങ്ങളും ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് ആദ്യം തുറന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. യുഎഇ തങ്ങളുടെ നിയന്ത്രണ സംവിധാനത്തിലും ബിസിനസ് മുന്നേറ്റത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി. 100% വിദേശ ഉടമസ്ഥാവകാശം പ്രഖ്യാപിക്കുകയും ചെയ്തു. വാരാന്ത്യ അവധി ദിനങ്ങള്‍ മറ്റു രാജ്യങ്ങളിലുള്ള പോലെ ശനി, ഞായര്‍ ദിവസങ്ങളില്‍ ആക്കി തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി കൊണ്ടു വന്നു.
2022 യുഎഇ ശക്തമായ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും സാമ്പത്തികവും ആരോഗ്യപരവുമായ വശങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഉള്‍പ്പെടെ ജനങ്ങള്‍ എടുക്കണമെന്നും നിര്‍ദ്ദേശം നല്‍കി രാജ്യത്തിന്റെ പലഭാഗത്തായി കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ ഉന്നമനത്തിനായി വിവിധ മേഖലയില്‍ കഴിവു തെളിയിച്ച ആളുകള്‍ക്ക് യുഎഇ അവസരവും നല്‍കി കൂടുതല്‍ മികവ് സൃഷ്ടിക്കാന്‍ ഞങ്ങള്‍ ലോകത്തെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഡോക്ടര്‍ താനി അല്‍ സെയൂദി പറഞ്ഞു.