
അബുദബി: ഗാസയിൽ നിന്നുള്ള ആയിരം കാൻസർ രോഗികൾക്ക് യുഎഇയിലെ ആശുപത്രികളിൽ ചികിൽസ നൽകും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇത് സംബന്ധിച്ച് നിർദേശം നൽകി. എല്ലാ പ്രായക്കാരെയും ചികിത്സയ്ക്ക് പരിഗണിക്കും. രോഗികൾക്ക് ചികിത്സയും ആവശ്യമായ എല്ലാ ആരോഗ്യ പരിരക്ഷയും യുഎഇയിലെ ആശുപത്രികളിൽ ലഭ്യമാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
നേരത്തെ, പരുക്കേറ്റ ആയിരം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വൈദ്യസഹായം നൽകുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഇവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ട ആദ്യസംഘം ഇന്ന് അബുദാബിയിലെത്തി. എല്ലാവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൂർണസുഖം പ്രാപിക്കുന്നതുവരെ ഇവർക്ക് യുഎഇയിലെ ആശുപത്രികളിൽ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കും.
ഗാസയില് നിന്നുള്ള 1,000 കുട്ടികള്ക്കും അമ്മമാര്ക്കും ചികിത്സ നല്കണമെന്നായിരുന്നു നേരത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നത്. ഗാസയില് ഫീല്ഡ് ആശുപത്രികള് സ്ഥാപിക്കുന്നതിനും യുഎഇ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
യുദ്ധം ആരംഭിച്ചത് മുതല് ഗാസക്ക് യുഎഇ ഭരണകൂടം സഹായം ലഭ്യമാക്കുന്നുണ്ട്. ഗാസയ്ക്ക് സഹായവുമായി നിരവധി വിമാനങ്ങളാണ് ഇതിനകം യുഎഇയില് നിന്ന് പറന്നത്. കൂടുതൽ സഹായങ്ങൾ രാജ്യത്ത് നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ ഭരണകൂടം. ഗാസയ്ക്ക് വേണ്ടി അനുകമ്പ എന്ന പേരില് നടക്കുന്ന ക്യാമ്പയിനിലൂടെയാണ് കൂടുതൽ സഹായങ്ങൾ രാജ്യത്തുനിന്ന് ലഭ്യമാക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ മരുന്നും അവശ്യ വസ്തുക്കളും ഉള്പ്പെടെ 100ടണ് സാധനങ്ങള് യുഎഇ നൽകിയിരുന്നു. മരുന്ന്, മെഡിക്കല് ഉപകരണങ്ങള്, വസ്ത്രം, ഭക്ഷണ സാധനങ്ങള്, സാനിറ്ററി ഉല്പ്പന്നങ്ങള് തുടങ്ങിയ അവശ്യ വസ്തുക്കളാണ് ഗാസയിലേക്ക് അയച്ചത്.
ഗാസയ്ക്ക് രണ്ട് കോടി ഡോളറിന്റെ സഹായമാണ് ആദ്യ ഘട്ടത്തില് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് പ്രഖ്യാപിച്ചിരുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം 50 മില്ല്യണ് ദിര്ഹത്തിന്റെ അധിക സഹായവും പിന്നീട് പ്രഖ്യാപിച്ചിരുന്നു. ഗാസയ്ക്ക് വേണ്ടിയുളള മാനുഷിക സഹായങ്ങള് സ്വീകരിക്കുന്നതിനായി യുഎഇയുടെ വിവിധ ഭാഗങ്ങളില് കളക്ഷന് പോയിന്റുകളും പ്രവര്ത്തിക്കുന്നുണ്ട്.