
ദോഹ: ഇസ്രയേല്- ഹമാസ് സംഘര്ഷത്തില് ലോകരാജ്യങ്ങളെ കുറ്റപ്പെടുത്തി ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല്ത്താനി. നിരപരാധികള് കൊല്ലപ്പെടുന്നതില് ആശങ്ക അറിയിച്ച ഖത്തര് അമീര്, വിഷയത്തില് അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് നിലപാടാണ് തുടരുന്നതെന്നും കുറ്റപ്പെടുത്തി.
ഖത്തര് ശൂര കൗൺസില് സമ്മേളനത്തിലാണ് ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല്ത്താനി വിമര്ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര നിയമങ്ങള് പാലിക്കാതെ അപകടകരമായ പ്രവൃത്തികളാണ് ഗാസയില് നടക്കുന്നത്. പലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന ഇസ്രായേല് പ്രഖ്യാപനം നിയമവിരുദ്ധമാണെന്നും ഇത് അംഗീകരിക്കാന് കഴിയില്ലെന്നും ഖത്തര് അമീര് പറഞ്ഞു
ഗാസയിലെ ജനതയ്ക്ക് വെള്ളവും മരുന്നും ഭക്ഷണവും വൈദ്യുതിയും നിഷേധിക്കുന്നത് അംഗീകരിക്കാനില്ല. നിരപരാധികളായ സാധാരണക്കാര്ക്ക് നേരെ നടക്കുന്ന അക്രമത്തെ അപലപിച്ച അമീര്, ലോകരാജ്യങ്ങള് സംഭവത്തില് സ്വീകരിക്കുന്ന നിലപാടില് ആശങ്കയും അറിയിച്ചു. മധ്യസ്ഥ ശ്രമം തുടരുന്നതിന് പകരമായി അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രയേല്- ഹമാസ് സംഘര്ഷം തുടര്ന്നാല് മേഖലയുടെ സുരക്ഷയ്ക്കും ലോകത്തിന് തന്നെയും വെല്ലുവിളിയാണെന്നും പോരാട്ടത്തില് ഇസ്രായേലിനെ നിയന്ത്രിക്കാന് ലോകരാജ്യങ്ങള് ഒന്നിക്കണമെും ഖത്തര് അമീര് ആവശ്യപ്പെട്ടു.