
മനാമ: ബഹ്റൈനിലെ ഇന്ത്യന് അംബാസിഡര് വിനോദ് കുര്യന് ജേക്കബ്, തൊഴില് സാമൂഹിക വികസന മന്ത്രിയും ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര് ബോര്ഡ് ചെയര്മാനുമായ ജമീല് ബിന് മുഹമ്മദ് അലി ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം കൂടുതല് ശക്തമാക്കുന്നതിന്റെ സാധ്യതകള് ഇരുവരും ചര്ച്ച ചെയ്തു.
രാജ്യത്തെ തൊഴില് വിപണി മെച്ചപ്പെടുത്തുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങള് മന്ത്രി വിശദീകരിച്ചു. ബഹ്റൈനിലെ വികസന പ്രക്രിയയില് ഇന്ത്യന് തൊഴിലാളികള് വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. നിക്ഷേപ സൗഹൃദ അന്തരീക്ഷം സ്ഥാപിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനും ബഹ്റൈന് നടത്തുന്ന ശ്രമങ്ങള് പ്രശംസനീയമാണെന്ന് അംബാസിഡര് വിനോദ് കുര്യന് ജേക്കബ് അഭിപ്രായപ്പെട്ടു.