ടൂറിസം മേഖലയിലെ നിയമ ലംഘനങ്ങള്ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ബഹ്റൈന്

ബഹ്റൈനിലെ ടൂറിസം മേഖലയുടെ വികസനത്തിന് വിവിധ പദ്ധതികള് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനൊപ്പമാണ് ഈ മേഖലയില് നിയമവും കൂടുതല് കര്ശനമാക്കുന്നത്

dot image

മനാമ: ടൂറിസം മേഖലയിലെ നിയമ ലംഘനങ്ങള്ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ബഹ്റൈന് ഭരണകൂടം. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ടൂര് ഓപ്പറേറ്റിംഗ് സ്ഥാപനങ്ങള് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി. ബഹ്റൈന് ഭരണാധികാരി ഹമദ് ബിന് ഇസ അല് ഖലീഫയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ബഹ്റൈനിലെ ടൂറിസം മേഖലയുടെ വികസനത്തിന് വിവിധ പദ്ധതികള് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനൊപ്പമാണ് ഈ മേഖലയില് നിയമവും കൂടുതല് കര്ശനമാക്കുന്നത്. നിയമ വിരുദ്ധമായി പ്രവര്ത്തിക്കുന്ന ടൂര് ഓപ്പറേറ്റിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി ടൂറിസം നിയമത്തിലെ വ്യവസ്ഥകളില് ഭേദഗതി വരുത്തികൊണ്ടാണ് പുതിയ ഉത്തരവ് ബഹ്റൈന് ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്. മന്ത്രിസഭ തീരുമാനത്തെയും പ്രധാനമന്ത്രിയുടെ നിര്ദേശത്തെയും അടിസ്ഥാനമാക്കി ഹമദ് രാജാവാണ് ഇതുസംബന്ധിച്ച ഉത്തരവില് ഒപ്പുവച്ചത്. നിയമം ലംഘിച്ച് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളുടെ കാറ്റഗറി തരംതാഴ്ത്തുമെന്നും നിയമ ലംഘനം ആവര്ത്തിക്കുന്നവരുടെ ലൈസന്സ് റദ്ദാക്കുമെന്നും നിയമത്തില് പറയുന്നു.

പുതിയ നിയമം നിലവില് വന്നതിന് പിന്നാലെ നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധനയും ശക്തമാക്കി. ബഹ്റൈന് ടൂറിസം ആന്ഡ് എക്സിബിഷന്സ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന. നിയമ ലംഘകര്ക്ക് ആദ്യം താക്കീത് നല്കും. സ്ഥാപനത്തിന് ടൂറിസ്റ്റ് സൗകര്യത്തിന്റെ അടിസ്ഥാനത്തില് നല്കിയിട്ടുള്ള കാറ്റഗറി തരം താഴ്ത്തുകയാണ് അടുത്ത നടപടി. ഇതിന് പിന്നാലെ മൂന്നു മാസത്തേക്ക് ലൈസന്സ് താല്ക്കാലികമായി സസ്പെന്ഡ് ചെയ്യും. നിയമ ലംഘനം തിരുത്തുന്നതുവരെ പ്രതിദിനം 100 ദിനാര് പിഴ ഈടാക്കുമെന്നും നിയമത്തില് പറയുന്നു. സ്ഥാപന ഉടമകള്ക്ക് ആറുമാസം വരെ തടവും 30,000 ദിനാര് പിഴയും ചുമത്തുമെന്നും ഭേദഗതി ചെയ്ത് നിയമം വ്യക്തമാക്കുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image