Top

ആൾ ഇച്ചിരി കുസൃതിയാണെങ്കിലും പെരേര ഡയസ് ബ്ലാസ്‌റ്റേഴ്‌സിനൊരു മുതല്‍കൂട്ട് തന്നെയാണ്

മികച്ച പ്രകടനമാണ് താരം ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ കാഴ്ചവെച്ചത്.

16 March 2022 12:11 AM GMT
ഇഖ്ബാല്‍ അറക്കല്‍

ആൾ ഇച്ചിരി കുസൃതിയാണെങ്കിലും പെരേര ഡയസ് ബ്ലാസ്‌റ്റേഴ്‌സിനൊരു മുതല്‍കൂട്ട് തന്നെയാണ്
X

കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ലീഗ് വിന്നേഴ്‌സായ ജംഷഡ്പൂരിനെ സമനിലയില്‍ കുരുക്കി ഫൈനലിലേക്ക് യോഗ്യത നേടിയതില്‍ ഏറ്റവും കുടുതല്‍ കടപാട് വെക്കേണ്ടത് പരിശീലകന്‍ വികോമിനോവിച്ചിനോടും ക്യാപ്റ്റന്‍ ലൂണയോടും മാത്രമല്ല. കളിയില്‍ ഉടനീളം തലങ്ങും വിലങ്ങും ഓടി കളിച്ച് ടീമിനെ വിജയിപ്പിച്ചതില്‍ മുന്നേറ്റ നിര താരം പെരേര ഡയസിനും വലിയ പങ്കുണ്ട്. ഓഫ്‌സൈഡ് ട്രാപില്‍ അകപ്പെട്ടെങ്കിലും താരം ജംഷഡ്പൂരിന്റെ വലയിലേക്ക് ഒരു പന്ത് അടിച്ചുകയറ്റിയിരുന്നു. മാത്രമല്ല മികച്ച ഒട്ടനവധി മുന്നേറ്റവും താരത്തില്‍ നിന്ന് ഇന്നലെയുണ്ടായി.

അര്‍ജന്റീനിയന്‍ താരം മുന്നേറ്റത്തില്‍ മാത്രമല്ല ഇന്നലെ ശ്രദ്ധിച്ചിരുന്നത്. മിഡ് ഫില്‍ഡിലും പ്രതിരോധത്തിലും പെരേര ഡയസ് മാറി മാറി കയറിയിറങ്ങി. മുന്നേറ്റ നിരയില്‍ പന്തുമായി കുതിക്കുകയും അല്‍വാരോ വാസ്‌ക്വസിനും ലൂണയ്ക്കും പന്തെത്തിക്കുന്നതിനൊപ്പം ഖബ്രയ്ക്കും ഹോര്‍മിപാമിനും ലെസ്‌കോവിച്ചിനുമൊപ്പം പ്രതിരോധത്തിലും പെരേര മികച്ച ചുവടുകളാണ് കാഴ്ചവെച്ചത്. അതിന്റെ ഏറ്റവും വലിയ ഗുണം ബ്ലാസ്റ്റേഴ്‌സ് കണ്ടത് രണ്ടാം പകുതിയിലായിരുന്നു.

മത്സരം 1-1 എന്ന നിലയ്ക്ക് നില്‍ക്കുന്നു. ഒരു ഗോള്‍ കൂടെ കണ്ടെത്തിയാല്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമെത്താം എന്ന മോഹവുമായി ജംഷഡ്പൂര്‍ നില്‍ക്കുന്നു. ഇതിനിടയില്‍ മത്സരത്തിന്റെ 65ാം മിനുറ്റില്‍ ജംഷഡ്പൂരിന് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന്റെ മുന്നില്‍ നിന്ന് ഒരു ഫ്രീകിക്ക് ലഭിക്കുന്നു. കിക്ക് എടുത്ത സ്റ്റുവാര്‍ട്ടിന്റെ ഷോട്ട് നേരെ ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ ഗില്ലിന്റെ കൈകളിലെത്തിയെങ്കിലും പന്ത് കൈയിലൊതുക്കാന്‍ കഴിയാതെ വീണ്ടും ജംഷഡ്പൂര്‍ താരത്തിന്റെ കാലുകളില്‍. അപ്പോളാണ് സ്റ്റുവാര്‍ട്ട് കിക്ക് എടുക്കുന്നതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിന്റെ ഇടതു വശത്തേക്ക് ഓടികയറിയിരുന്ന പെരേര ഡയസ് റിബൗണ്ടിലൂടെ ഗോള്‍ നേടാമെന്ന മോഹത്തെ നിഷ്പ്രഭമാക്കിയത്. കീപ്പര്‍ പോലും മുന്നില്‍ ഇല്ലാതിരുന്ന നാല് ജംഷഡ്പൂര്‍ താരങ്ങള്‍ മാത്രം ഗോള്‍ വരയ്ക്ക് മുന്നിലുണ്ടായിരുന്ന നിമിഷത്തിലങ്ങനെ പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സ് രക്ഷകനായി. പിന്നീടും മത്സരത്തിന്റെ നിരവധി സന്ദര്‍ഭങ്ങളില്‍ ആയാള്‍ ഗ്രൗണ്ടിന്റെ ഇരു വശത്തെക്കും മാറി മാറി കയറിയിറങ്ങി.


അച്ചടക്കമില്ലെന്ന് പറഞ്ഞ് ലീഗിനിടയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്ന് നടപടി നേരിട്ട താരമായിരുന്നു പെരേര ഡയസ്. ആക്രമിക്കേണ്ട സന്ദര്‍ഭത്തില്‍ ആക്രമിച്ചും പ്രതിരോധികേണ്ട സമയത്ത് പ്രതിരോധിച്ചും പെരേര ഡയസ് മൈതാനത്തും ഫുട്‌ബോള്‍ ആരാധകരുടെ മനസിലും വലിയ ഓളമാണ് ഉണ്ടാകിയിരിക്കുന്നത്. ഇതു വരെ ബ്ലാസ്‌റ്റേസ് ജേഴ്‌സിയില്‍ 20 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോള്‍ നേടിയ ലാറ്റിന്‍ അമേരിക്കന്‍ താരത്തിന്റെ മാന്ത്രിക സ്പര്‍ശനം ഇനി ഫൈനലിലും അടുത്ത സീസണിലും കാണാന്‍ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

STORY HIGHLIGHTS: Pereira Diaz is an asset to the Blazers

Next Story