'ബ്രസീലിയന്‍ ക്ലബ്ബില്‍ ചേരാന്‍ മെസ്സി തന്നെ സഹായിച്ചു'; പുതിയ ടീമിനെക്കുറിച്ച് സുവാരസ്
ഗ്രെമിയോയില്‍ ചേരുന്നതിന് മുന്‍പായി നടന്ന പത്രസമ്മേളനത്തിലാണ് സുവാരസ് പുതിയ ക്ലബ്ബിനെ തെരഞ്ഞെടുക്കാന്‍ മെസ്സി സഹായിച്ചിട്ടുണ്ടെന്ന് സമ്മതിച്ചത്
6 Jan 2023 2:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയോഡിജനീറോ: ഉറുഗ്വെന്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസ് ബ്രസീലിയന്‍ ക്ലബ്ബായ ഗ്രെമിയോയുമായി കഴിഞ്ഞ ദിവസമാണ് കരാര്‍ ഒപ്പുവെച്ചത്. രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ട് ഗ്രെമിയോയിലെത്തിയ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. 30,000ത്തിലധികം ആരാധകരായിരുന്നു സുവാരസിനെ വരവേല്‍ക്കാന്‍ എത്തിയിരുന്നത്. പുതിയ ക്ലബ് തെരഞ്ഞെടുക്കുന്നതില്‍ സഹതാരവും സുഹൃത്തുമായ ലയണല്‍ മെസ്സി തന്നെ സഹായിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുവാരസ്.
ഗ്രെമിയോയുമായുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് സുവാരസ് മെസ്സിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ക്ലബ്ബ് തെരഞ്ഞെടുക്കാന്‍ മെസ്സിയുടെ നിര്‍ദേശങ്ങള്‍ സഹായിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. 'എന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കാനും ഉപദേശിക്കാനും സുഹൃത്തുക്കള്‍ എപ്പോഴും കൂടെയുണ്ടാവാറുണ്ട്.' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗ്രെമിയോയില്‍ ചേരുന്നതിന് മുന്‍പായി നടന്ന പത്രസമ്മേളനത്തിലാണ് സുവാരസ് പുതിയ ക്ലബ്ബിനെ തെരഞ്ഞെടുക്കാന്‍ മെസ്സി സഹായിച്ചിട്ടുണ്ടെന്ന് സമ്മതിച്ചത്.
'Messi helped me decide on Gremio" | Luis Suarezhttps://t.co/vd9c7uwCca pic.twitter.com/mCRaHZSsk2
— BeanymanSports (@BeanymanSports) January 5, 2023
2022ല്‍ ഉറുഗ്വെന്‍ ക്ലബ്ബായ നാഷണലില്‍ ചേര്‍ന്ന താരം ക്ലബ്ബിനായി 14 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ സ്കോര്‍ ചെയ്യുകയും ലീഗ് കിരീടം നേടുകയും ചെയ്തു. സ്പാനിഷ് ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് പുറത്തായതിനു ശേഷമാണ് സുവാരസ് നാഷണല്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചത്. നാഷണല്‍, അത്ലറ്റികോ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്ക് പുറമെ ബാഴ്സലോണ, ലിവര്‍പൂള്‍, അജാക്സ്, ഗ്രോണിങ്കന്‍ എന്നീ ക്ലബ്ബുകളിലും ഈ 35കാരന് ബൂട്ടുകെട്ടിയിട്ടുണ്ട്. ഈ ടീമുകളില്‍ 507 മത്സരങ്ങളില്‍ 337 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ, ഡച്ച് എര്ഡിവൈസ് എന്നീ മത്സരങ്ങളില്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായിട്ടുണ്ട്.
STORY HIGHLIGHTS: Luis Suarez reveals that Messi helped him decide on Gremio