Top

'ഇപിഎല്ലില്‍ ആദ്യ ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ മെസ്സി ബുദ്ധിമുട്ടും' ; മെസ്സി പ്രീമിയര്‍ ലീഗ് ക്ലബ്ബുകളിലേക്കെത്തില്ലെന്ന് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരം മെസ്സി തന്നെയെന്ന് ഡാനി മില്‍സ്

7 July 2022 11:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇപിഎല്ലില്‍ ആദ്യ ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍  മെസ്സി ബുദ്ധിമുട്ടും ;  മെസ്സി പ്രീമിയര്‍ ലീഗ് ക്ലബ്ബുകളിലേക്കെത്തില്ലെന്ന് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ നിരയിലുള്ള ആറ് ക്ലബ്ബുകള്‍ക്കുവേണ്ടി ലയണല്‍ മെസ്സി കളിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇംഗ്ലീഷ് റൈറ്റ് ബാക്കും മാഞ്ചസ്റ്റര്‍ സിറ്റി താരവുമായ ഡാനി മില്‍സ്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം തുടങ്ങിയ ക്ലബുകളുടെ ആദ്യ ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ മെസ്സിക്ക് ബുദ്ധിമുട്ടാകും. കഴിഞ്ഞ സീസണില്‍ താരത്തിന്റെ പ്രകടനം മെച്ചപ്പെട്ട രീതിയിലായിരുന്നില്ലന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. ടോക്ക് സ്‌പോര്‍ട്‌സിനോടായിരുന്നു മില്‍സിന്റെ പ്രതികരണം.

ഫാബിയോ കാര്‍വാള്‍ഹോ, ഡാര്‍വിന്‍ നൂനസ്, കാല്‍വിന്‍ റാംസെ എന്നീ മൂന്ന് സൈനിങ്ങ് ലിവര്‍പൂള്‍ നടത്തിക്കഴിഞ്ഞു. ജൂഡ് ബെല്ലിംഗ്ഹാം, യുവി ടൈലിമാന്‍സുമായി ലിവര്‍പൂള്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും 2023 വരെ കാത്ത് നിന്ന് മദ്ധ്യനിരയെ ശക്തിപ്പെടുത്താനായിരിക്കും ക്ലോപ്പ് പദ്ധതിയിടുകയെന്നുമാണ് വിലയിരുത്തല്‍. എര്‍ളിങ്ങ് ഹാളണ്ട്, ജൂലിയന്‍ അല്‍വാരസ്, സ്റ്റഫാന്‍ ഒര്‍റ്റെഗ, കാല്‌വിന്‍ ഫിലിപ്‌സ് തുടങ്ങിയ സൈനിങ്ങിലൂടെ ശക്തമായ ട്രാന്‍സ്ഫറാണ് മാഞ്ചസ്റ്റര്‍ സിറ്റി ഈ സീസണില്‍ നടത്തിയിരിക്കുന്നത്. അന്റോണിയോ കൊണ്ടയുടെ ട്ടോട്ടന്‍ഹാമാകട്ടെ വയിവേസ് ബിസ്സൂമാ, ഫ്രാസര്‍ ഫോര്‍സ്റ്റര്‍, ഐവാന്‍ പെരിസിക്, റിച്ചാര്‍ലിസണ്‍ എന്നിവരെ ടീമില്‍ എത്തിച്ചത് കിരീടത്തിനായി പോരാടാനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരം മെസ്സിയാണെന്നും മില്‍സ് കൂട്ടിച്ചേര്‍ത്തു. പോര്‍ച്ചുഗീസ് ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊഡാള്‍ഡോയേക്കാളും മുന്നിലാണ് മെസ്സി. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ്. ജോഹാന്‍ ക്രൈഫിനെയും,ഡീഗോ മറഡോണയെയും താന്‍ നേരില്‍ കണ്ടിട്ടില്ല. റൊണാള്‍ഡോ വലിയൊരു ഗെയിം ചെയ്ഞ്ചറാണ്. എന്നാല്‍ ശുദ്ധമായ കളി ശൈലിയുളള താരം മെസ്സിയാണന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി, ലീഡ്‌സ് യുണൈറ്റഡ്, തുടങ്ങിയ വിവിധ ക്ലബുകള്‍ക്കായി 321 മത്സരങ്ങളില്‍ പ്രതിരോധ താരമായി കളിച്ച താരമാണ് ഡാനി മില്‍സ്.

Story Highlights - Lionel messi will not join premier league, says former manchester city player

Next Story