'മുമ്പും അദ്ദേഹത്തെ നേരിട്ടിട്ടുണ്ട്'; മെസ്സിയെ എങ്ങനെ തടയുമെന്ന് വ്യക്തമാക്കി ഉറുഗ്വായ് താരം

നവംബര്‍ 17ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് അര്‍ജന്റീന-ഉറുഗ്വായ് ലോകകപ്പ് യോഗ്യത മത്സരം
'മുമ്പും അദ്ദേഹത്തെ നേരിട്ടിട്ടുണ്ട്'; മെസ്സിയെ എങ്ങനെ തടയുമെന്ന് വ്യക്തമാക്കി ഉറുഗ്വായ് താരം

ബ്യൂണസ് ഐറിസ്: 2026 ഫുട്‌ബോള്‍ ലോകകപ്പിനായുള്ള യോഗ്യത പോരാട്ടത്തില്‍ അര്‍ജന്റീനയെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ഉറുഗ്വായ്. അര്‍ജന്റീനയുടെ തട്ടകത്തില്‍ വെച്ച് നടക്കാനിരിക്കുന്ന മത്സരത്തിനിറങ്ങുന്ന ഉറുഗ്വായുടെ പ്രധാന വെല്ലുവിളിയെന്നത് സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെയാണ്. മിന്നും ഫോമിലുള്ള മെസ്സിയെയും സംഘത്തെയും തളയ്ക്കുകയെന്നത് ഉറുഗ്വായ്ക്ക് എളുപ്പമുള്ള കാര്യമല്ല. അര്‍ജന്‍റീനയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി മെസ്സിയെ നേരിടുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഉറുഗ്വായ് മിഡ്ഫീല്‍ഡര്‍ ഫെഡറികോ വല്‍വെര്‍ഡെ.

അര്‍ജന്റീനക്കെതിരെ ഇറങ്ങുമ്പോള്‍ മെസ്സിയെ എങ്ങനെ തടയണമെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു റയല്‍ മാഡ്രിഡ് താരം കൂടിയായ വല്‍വെര്‍ഡെയുടെ പ്രതികരണം. നേരത്തെ ലാലിഗയിലെ എല്‍ ക്ലാസികോയില്‍ പരസ്പരം മത്സരിച്ചപ്പോള്‍ പോലും അദ്ദേഹത്തെ തടയാന്‍ സാധിച്ചിരുന്നില്ലെന്നും വല്‍വെര്‍ഡെ പറഞ്ഞു. 'പക്ഷേ മത്സരത്തില്‍ അദ്ദേഹത്തെ ബഹുമാനപൂര്‍വ്വം നേരിടും കാരണം അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്', വല്‍വെര്‍ഡെ കൂട്ടിച്ചേര്‍ത്തു.

2018 മുതല്‍ റയല്‍ മാഡ്രിഡിന്റെ താരമാണ് ഫെഡറികോ വല്‍വെര്‍ഡെ. ക്ലബ്ബ് തല മത്സരങ്ങളിലും രാജ്യാന്തര മത്സരങ്ങളിലും 12 തവണയാണ് ലയണല്‍ മെസ്സിയും വല്‍വെര്‍ഡെയും നേര്‍ക്കുനേര്‍ എത്തിയിട്ടുള്ളത്. അതില്‍ ആറ് തവണയും വിജയം മെസ്സിക്കൊപ്പമായിരുന്നു. നാല് തവണ വല്‍വെര്‍ഡെ വിജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു. ക്ലബ്ബ് തലത്തില്‍ 2021-22 യുവേഫ ചാമ്പ്യന്‍സ് ലീഗിലാണ് മെസ്സിയും വല്‍വെര്‍ഡെയും അവസാനമായി മുഖാമുഖം എത്തിയത്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പിഎസ്ജിയെ തകര്‍ക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ 2022 ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഉറുഗ്വായും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ആല്‍ബിസെലസ്റ്റുകള്‍ വിജയിക്കുകയായിരുന്നു.

നവംബര്‍ 17ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് അര്‍ജന്റീന-ഉറുഗ്വായ് ലോകകപ്പ് യോഗ്യത മത്സരം. നിലവില്‍ ലാറ്റിനമേരിക്കക്കാരുടെ ലോകകപ്പ് യോഗ്യത റൗണ്ടില്‍ നാല് മത്സരങ്ങളും വിജയിച്ച് അര്‍ജന്റീന ഒന്നാമതാണ്. ഇതിനൊപ്പം തന്നെ ബലോന്‍ ദ് ഓര്‍ ജേതാവായ മെസ്സിയുടെ തകര്‍പ്പന്‍ ഫോമും അര്‍ജന്റൈന്‍ ക്യാമ്പിന് പകരുന്ന ആശ്വാസം ചെറുതല്ല. മറുവശത്ത് നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയും തോല്‍വിയും നേരിട്ട ഉറുഗ്വായ് പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. യോഗ്യത റൗണ്ടുകള്‍ പുരോഗമിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആവേശപ്പോരാട്ടം തന്നെ വെള്ളിയാഴ്ച പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com