കിരീടമുയർത്തി KANNUR SQUAD; സൂപ്പർ ലീ​ഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ചാമ്പ്യന്മാർ

ഫൈനലില്‍ തൃശൂർ മാജിക് എഫ്സിയെ തോൽപ്പിച്ചാണ് കണ്ണൂർ കന്നിക്കിരീടത്തിൽ മുത്തമിട്ടത്

കിരീടമുയർത്തി KANNUR SQUAD; സൂപ്പർ ലീ​ഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ചാമ്പ്യന്മാർ
dot image

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ ചാമ്പ്യന്മാരായി കണ്ണൂർ വാരിയേഴ്‌സ് എഫ്സി. ജവഹർ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്നിലാണ് കണ്ണൂർ കിരീടമുയർത്തിയത്. ഫൈനലില്‍ തൃശൂർ മാജിക് എഫ്സിയെ മറുപടിയില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. ഒന്നാം പകുതിയിൽ പെനാൽറ്റിയിലൂടെ അസിയർ ഗോമസാണ് വിജയഗോൾ നേടിയത്. കണ്ണൂർ പരിശീലകൻ മാനുവൽ സാഞ്ചസ്, പ്രതിരോധതാരം സച്ചിൻ സുനിൽ എന്നിവർ റെഡ് കാർഡ് കണ്ട് പുറത്തുപോയിട്ടും കണ്ണൂർ പോരാടി വിജയിക്കുകയായിരുന്നു.

പതിനെട്ടാം മിനിറ്റിലാണ് നാടകീയ സംഭവങ്ങൾക്കൊടുവിൽ കണ്ണൂരിന്റെ വിജയഗോൾ പിറന്നത്. സിനാൻ വലതു വിങിൽ നിന്ന് ഉയർത്തി നൽകിയ ക്രോസ് അസിയർ ഗോമസ് ഹെഡ് ചെയ്തത് ക്രോസ് ബാറിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഗോൾലൈനിൽ ക്ലിയർ ചെയ്യാൻ എത്തിയ തൃശൂരിന്റെ തേജസ്‌ കൃഷ്ണയുടെ കൈയ്യിലാണ് പന്ത് പതിച്ചത്. ചർച്ചകൾക്ക് ശേഷം റഫറി വെങ്കിടേശ് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത അസിയർ ഗോമസിന് പിഴച്ചില്ല (1-0). സ്പാനിഷ് താരം ഈ സീസണിൽ നേടുന്ന മൂന്നാമത്തെ ഗോൾ.

ഇരുപത്തിയഞ്ചാം മിനിറ്റിൽ കണ്ണൂരിന് ലീഡ് ഉയർത്താൻ അവസരമൊത്തു. എന്നാൽ ഷിജിന്റെ ഷോട്ട് പുറത്തേക്ക് പോയി. മുപ്പത്തിമൂന്നാം മിനിറ്റിൽ തൃശൂർ സമനില ഗോളിന് അടുത്തെത്തി. ഗോളി മാത്രം മുന്നിൽ നിൽക്കെ തേജസ്‌ കൃഷ്ണയെടുത്ത ഷോട്ട് ഗ്യാലറിയിലേക്കാണ് പോയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് രണ്ടാം മഞ്ഞക്കാർഡ് കണ്ട കണ്ണൂരിന്റെ അണ്ടർ 23 താരം സച്ചിൻ സുനിൽ ചുവപ്പ് വാങ്ങി കളംവിട്ടു. കണ്ണൂരിന്റെ എസ് മനോജിനും തൃശൂരിന്റെ മാർക്കസ് ജോസഫിനും ആദ്യപകുതിയിൽ റഫറി മഞ്ഞക്കാർഡ് നൽകി.

പത്തുപേരായി ചുരുങ്ങിയ കണ്ണൂർ രണ്ടാംപകുതിയുടെ തുടക്കത്തിൽ സന്ദീപിനെ കളത്തിലിറക്കി. തൃശൂർ ഇവാൻ മാർക്കോവിച്ചിനും അവസരം നൽകി. കളി ഒരുമണിക്കൂർ പിന്നിട്ടപ്പോൾ കണ്ണൂർ അബ്ദുൽ കരീം സാമ്പിനെയും തൃശൂർ ഫൈസൽ അലി, അഫ്സൽ എന്നിവരെയും കൊണ്ടുവന്നു. എഴുപതാം മിനിറ്റിൽ തൃശൂർ ക്യാപ്റ്റൻ മെയിൽസൺ ആൽവസ് കണ്ണൂർ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡ് കൊടി പൊങ്ങി. എൺപതാം മിനിറ്റിൽ മെയിൽസൺ കോർണറിന് തലവെച്ചത് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. എൺപത്തിയാറാം മിനിറ്റിൽ റഫറിയുമായി വാക്പോരിൽ ഏർപ്പെട്ട കണ്ണൂർ പരിശീലകൻ മാനുവൽ സഞ്ചസിനും ചുവപ്പ് കാർഡ് ലഭിച്ചു.

ലീഗ് റൗണ്ടിൽ 10 കളികളിൽ 13 പോയന്റ് നേടി നാലാം സ്ഥാനക്കാരായാണ് കണ്ണൂർ അവസാന നാലിൽ ഇടം നേടിയത്. തുടർന്ന് സെമിയിലും ഫൈനലിലും അവിസ്മരണീയ പ്രകടനം പുറത്തെടുത്താണ് അവർ കിരീടമുയർത്തിയത്. 25550 കാണികൾ ഫൈനൽ മത്സരത്തിന് സാക്ഷിയാവാൻ ഗ്യാലറിയിലെത്തി.

Content Highlights: Kannur Warriors clinch Super League Kerala title, beats Thrissur Magic with 10 men

dot image
To advertise here,contact us
dot image