
ഹാര്ട്ട്ഫോര്ഡ്: പുതിയ കോച്ചായ ജൂലിയന് ലാഗെല്സ്മാന്റെ കീഴില് ജര്മ്മനിക്ക് വിജയത്തുടക്കം. അന്താരാഷ്ട്ര സൗഹൃദ മത്സരത്തില് യുഎസ്എയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് ജര്മ്മനി തകര്ത്തു. അമേരിക്കയുടെ ഹോം ഗ്രൗണ്ടായ ഈസ്റ്റ് ഹാര്ട്ട്ഫോര്ഡിലെ റെന്റ്ഷ്ലര് ഫീല്ഡില് നടന്ന മത്സരത്തില് ഒരു ഗോളിന് പിറകില് നിന്ന ശേഷം തിരിച്ചുവന്നാണ് ജര്മ്മന് പട ഗംഭീരവിജയം സ്വന്തമാക്കിയത്.
27-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള് പിറക്കുന്നത്. അറ്റാക്കിങ് മിഡ്ഫീല്ഡറായ ക്രിസ്റ്റ്യന് പുലിസിച്ച് മനോഹരമായ സോളോ ഗോളിലൂടെയാണ് യുഎസ്എയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ഇടതുവിങ്ങില് നിന്ന് പന്ത് സ്വീകരിച്ച താരം അതിവേഗം ഡ്രിബിള് ചെയ്ത് മുന്നേറി ബോക്സിന് പുറത്തുനിന്നും കൃത്യതയോടെ തൊടുത്ത ഷോട്ട് ഗോള്കീപ്പര്ക്ക് ഒരു അവസരവും നല്കാതെ വലയില് കയറി. സീരി എ ക്ലബ്ബായ എസി മിലാന് താരമാണ് പുലിസിച്ച്.
അമേരിക്ക ലീഡെടുത്ത് അധികം വൈകാതെ തന്നെ മിഡ്ഫീല്ഡര് ഇല്കായ് ഗുണ്ടോഗന് നേടിയ ഗോളിലൂടെ ജര്മ്മനി ഒപ്പമെത്തി. 39-ാം മിനിറ്റിലായിരുന്നു സമനില ഗോള്. ഇതോടെ ആദ്യ പകുതിയില് ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. എന്നാല് രണ്ടാം പകുതിയില് ജര്മ്മനി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും നിക്ലാസ് ഫുള്ക്രുഗ്, ജമാല് മുസിയാല എന്നിവര് നേടിയ ഗോളിലൂടെ വിജയം ഉറപ്പിക്കുകയും ചെയ്തു.
ഖത്തര് ലോകകപ്പില് ഗ്രൂപ്പ് ഘട്ടത്തില് പുറത്തായതുള്പ്പെടെ അടുത്ത കാലത്ത് നാല് തവണ ലോകചാമ്പ്യന്മാരായ ജര്മ്മനി നിരാശാജനകമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചിരുന്നത്. സെപ്റ്റംബറില് നടന്ന സൗഹൃദ മത്സരത്തില് ജര്മ്മനി ജപ്പാനോട് നാലു ഗോളുകള്ക്ക് കനത്ത തോല്വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനായ ഹാന്സി ഫ്ളിക്കിനെ ജര്മ്മന് ഫുട്ബോള് അസോസിയേഷന് പുറത്താക്കിയത്. ഫ്ളിക്കിന് പകരക്കാരനായെത്തിയ ജൂലിയന് നെഗല്സ്മാന് ടീമിനെ വന് വിജയത്തിലേക്ക് എത്തിക്കാന് സാധിച്ചു.